Greeshma: 'ആദ്യം പാരസെറ്റമോള്‍, പിന്നെ മറ്റു ഗുളികകള്‍'; ഗ്രീഷ്മയുടെ വിദഗ്ധ നീക്കങ്ങള്‍ കേരള പൊലീസ് തെളിവുസഹിതം കണ്ടെത്തി, വിധിയില്‍ നിര്‍ണായകം
ജൂസില്‍ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ ചേര്‍ത്ത് ഷാരോണിനെ അപായപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിട്ടുണ്ട്
Greeshma: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ ലഭിക്കാന്‍ പ്രധാന കാരണം കേരള പൊലീസിന്റെ പഴുതടച്ച അന്വേഷണം. ഗ്രീഷ്മയ്‌ക്കെതിരെ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ആദ്യം മുതലേ പരിശ്രമിച്ചു. ഗ്രീഷ്മ ഒന്നിലേറെ തവണ ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് തെളിയിക്കാന്‍ പൊലീസിനു സാധിച്ചു. ഇതാണ് കുറ്റകൃത്യത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചത്.
ജൂസില്‍ പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ ചേര്‍ത്ത് ഷാരോണിനെ അപായപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചിട്ടുണ്ട്. പാരാസെറ്റമോള്‍ മാത്രമല്ല മറ്റു വീര്യം കൂടിയ ഗുളികകളും ചേര്‍ത്ത് ജൂസ് നല്‍കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനുശേഷമാണ് കഷായത്തില്‍ കളനാശിനി ചേര്‍ത്തു നല്‍കിയത്. സ്ലോ പോയ്‌സനിങ്ങിലൂടെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തുകയായിരുന്നു ഗ്രീഷ്മയുടെ ലക്ഷ്യം.
പാരസെറ്റമോള്‍ അടക്കമുള്ള ഗുളികകള്‍ അമിതമായി നല്‍കിയാല്‍ എങ്ങനെ ആന്തരിക അവയവങ്ങളെ ബാധിക്കുമെന്ന് ഗ്രീഷ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തിട്ടുണ്ട്. കളനാശിനി നല്‍കിയാലുള്ള അന്തരഫലങ്ങളും ഗ്രീഷ്മ ഗൂഗിളില്‍ പരതി. ഗ്രീഷ്മയുടെ സെര്‍ച്ച് ഹിസ്റ്ററിയാണ് കേസില്‍ നിര്‍ണായകമായത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളെല്ലാം പൊലീസ് കണ്ടെത്തിയിരുന്നു. സ്ലോ പോയ്‌സനിങ്ങിലൂടെ കൊലപ്പെടുത്തിയാല്‍ തനിക്കെതിരെ തെളിവ് ഉണ്ടാകില്ലെന്നാണ് ഗ്രീഷ്മ കരുതിയത്. 24 മണിക്കൂറിനു ശേഷം പരിശോധന നടത്തിയാല്‍ തെളിവുകള്‍ ഒന്നും ലഭിക്കാത്ത ഗുളികകളോ വിഷാംശമുള്ള വസ്തുക്കളോ എന്തൊക്കെയാണെന്ന് ഗ്രീഷ്മ ഗൂഗിളില്‍ അന്വേഷിച്ചിരുന്നു. ഇതെല്ലാം ഗ്രീഷ്മയുടെ ക്രിമിനല്‍ മനോഭാവത്തിനു തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. തെളിവുകള്‍ സഹിതമുള്ള വാദമായതിനാല്‍ കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതാണ് തൂക്കുകയര്‍ ശിക്ഷയിലേക്ക് എത്താന്‍ പ്രധാന കാരണം.
പൊലീസിനെ കോടതി പ്രശംസിച്ചു. പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ വിദഗ്ധമായി ശ്രമിച്ചിരുന്നു. എന്നാല്‍ അന്വേഷണ സംഘം കാണിച്ച ജാഗ്രതയാണ് സത്യം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചത്. മാറുന്ന കാലത്തിനനുസരിച്ച് അന്വേഷണ രീതിയിലും പൊലീസ് മാറ്റങ്ങള്‍ കൊണ്ടുവന്നെന്നും അത് പ്രശംസനീയമാണെന്നും കോടതി പരാമര്‍ശിച്ചു.