ഇടുക്കി: കാഴ്ചശക്തി ഇല്ലാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്‌കൂൾ വാച്ചർ അറസ്റ്റിലായി. കാഞ്ഞാർ പോത്താനിക്കാട് സ്വദേശി രാജേഷ് ആണ് പിടിയിലായത്. എന്നാൽ ഇതിനിടെ സ്‌കൂൾ അധികൃതർ സംഭവം ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്ന ആരോപണവും ഉയർന്നു.
രണ്ട് വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആ സമയത്ത് പെൺകുട്ടി പത്താം ക്‌ളാസിൽ പഠിക്കുകയായിരുന്നു. സ്‌കൂൾ വാച്ചറായ രാജേഷ് ബേസിൽ വച്ചും ഹോസ്റ്റലിൽ വച്ചും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി പെൺകുട്ടി അടുത്തിടെ സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് സംഭവം വെളിച്ചത്തായത്.
എന്നാൽ സ്‌കൂൾ അധികൃതർ ഇത് ഒതുക്കി തീർക്കാൻ ശ്രമിച്ചു എന്നാരോപണം ഉയർന്നു. തുടർന്നാണ് ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ഡി.ജി.പിക്ക് പരാതി നൽകിയതും കാഞ്ഞാർ പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്തതും. പീഡനശ്രമം, പോക്സോ വകുപ്പുകൾ എന്നിവ ചേർത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.