ഒരു വർഷം 97 ഹർത്താലോ? അവിശ്വസനീയം: സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
ഒരു വർഷം 97 ഹർത്താലോ? അവിശ്വസനീയം: സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് നടക്കുന്ന ഹർത്താൽ അതീവ ഗുരുതര പ്രശ്‌നമെന്ന് ഹൈക്കോടതി. കേരളത്തിൽ പലയിടങ്ങളിലായി ഒരു വർഷം 97 ഹർത്താലുകൾ നടന്നു എന്നത് അവിശ്വസനീയമാണെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ത്താലിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതിയുടെ ഈ പരാമര്‍ശം.
ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ബിജു രമേശ് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. ഹര്‍ത്താല്‍ സംസ്ഥാനത്തിന് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ഇക്കാര്യത്തില്‍ സുപ്രീം കോടതി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. 'ഹൈക്കോടതിയുടെയും സുപ്രീംകോടതിയും ഇത്തരത്തിലുള്ള ജനവിരുദ്ധ സമരങ്ങള്‍ക്കെതിരെ പല ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുള്ളതാണ്. പക്ഷേ അവയൊന്നും കാര്യമായ പരിഹാരമുണ്ടാക്കിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ത്താലിനെതിരെ സര്‍ക്കാര്‍ എന്ത് നിലപാടെടുത്തു എന്ന് വിശദീകരിക്കണം.
വ്യാപാരികള്‍ അടക്കം ഉന്നയിച്ച പ്രശ്‌നങ്ങളിൽ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാന്‍ കഴിയുമോ' - കോടതി ചോദിച്ചു. ഹർത്താലിനെതിരെ നടപടി എടുത്തേ മതിയാകൂ എന്നും എന്ത് നടപടികളാണ് ഇതിനെതിരെ സ്വീകരിക്കുന്നതെന്ന് ഇന്ന് ഉച്ചയ്ക്ക് 1.45 ന് മുമ്പ് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.