ഇരുട്ടത്തല്ല നവോത്ഥാനമുണ്ടാക്കേണ്ടത്, മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു: ആരോപണവുമായി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍
ഇരുട്ടത്തല്ല നവോത്ഥാനമുണ്ടാക്കേണ്ടത്, മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു: ആരോപണവുമായി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍
വനിതാ മതിലിന്റെ തൊട്ടടുത്ത ദിവസം ശബരിമലയിൽ രണ്ട് സ്‌ത്രീകൾ പ്രവേശിച്ചതുമയി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗവുമായ പ്രീതി നടേശന്‍.
രണ്ടാം നവോത്ഥാനമെന്ന് പറഞ്ഞ് വനിതാ മതിലില്‍ പങ്കെടുത്ത തങ്ങളെയൊക്കെ മുഖ്യമന്ത്രി വഞ്ചിച്ചതായി പ്രീതി നടേശന്‍ ആരോപിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രീതി നടേശന്‍ ഇക്കാര്യം പറഞ്ഞത്. മതില്‍ കഴിഞ്ഞ് അടുത്ത ദിവസം ഒരു സ്ത്രീ കരഞ്ഞുകൊണ്ട് എന്നെ വിളിച്ചു പറഞ്ഞത് നടക്കാന്‍ പാടില്ലാത്തത് നടന്നു, യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചു എന്നാണ്. അപ്പോളാണ് വഞ്ചിക്കപ്പെട്ടതായി മനസിലായത്.
യുവതീപ്രവേശത്തിനായി സർക്കാർ സ്വീകരിച്ച നടപടികളും രീതികളുമെല്ലാം തെറ്റായിരുന്നു. പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീംകോടതി എന്തു പറയുമെന്നു നമുക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി മുന്‍കൈയെടുത്ത് മത, സാമൂഹിക, രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തേണ്ടിയിരുന്നു. സുപ്രീം കോടതി വിധി വരുന്നതുവരെ മുഖ്യമന്ത്രി കാത്തിരിക്കണമായിരുന്നു.
പല ക്ഷേത്രങ്ങളിലും ആചാരങ്ങള്‍ മാറിയത് വളരെ സാവധാനമാണ്. സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് വലിയ വില കൊടുക്കേണ്ടി വന്നു. എത്ര പേരാണ് ജയിലിലായത്. രക്തച്ചൊരിച്ചിലില്ലാതെയാണ് നവോത്ഥാനമുണ്ടാകേണ്ടത്. വനിതാമതിലിലൂടെ പിണറായി വിജയന് ചുറ്റുമുണ്ടായ പ്രഭാവലയം ശബരിമലയിലെ യുവതീപ്രവേശനത്തോടെ ഇല്ലാതായി. എസ്എന്‍ഡിപി യോഗം എല്ലായ്‌പ്പോളും ഭക്തര്‍ക്കൊപ്പമാണ്.
ഞങ്ങള്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നവരാണ്. സുപ്രീം കോടതി വിധി ഭക്തരെ ഏറെ വേദനിപ്പിച്ച കാര്യമാണ്. ഞങ്ങളുടെ സംഘടനയുമായി ബന്ധപ്പെട്ട യുവതികള്‍ ശബരിമലയില്‍ പോകില്ലെന്ന് അപ്പോള്‍ തന്നെ തീരുമാനമെടുത്തിരുന്നു. അയ്യപ്പനില്‍ വിശ്വാസമുള്ളവരും ആചാരങ്ങള്‍ പാലിക്കുന്നവരുമായ യുവതികളൊന്നും ശബരിമലയില്‍ പോകില്ല. ആക്ടിവിസ്റ്റുകളേ പോകൂ. ആര്‍ത്തവത്തിന് ഏഴ് ദിവസത്തിന് ശേഷം ശുദ്ധിയായി മാത്രമേ ക്ഷേത്രത്തില്‍ പോകാവൂ എന്ന് ശ്രീനാരായണ ഗുരുദേവന്‍ ഗുരുസ്മൃതിയില്‍ പറയുന്നുണ്ടെന്നും പ്രീതി നടേശന്‍ പറഞ്ഞു.