'തീര്‍ത്ഥാടകരെ ശ്വാസം മുട്ടി മരിക്കാന്‍ അനുവദിക്കില്ല': ശബരിമലയില്‍ ശരിയായ ഏകോപനമില്ലായ്മയാണ് പ്രശ്‌നമെന്ന് ഹൈക്കോടതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് ശരിയായ ക്രമീകരണങ്ങള്‍ നടത്താത്തതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. തിരക്ക് നിയന്ത്രിക്കാന്‍ ശാസ്ത്രീയ രീതികള്‍ ഉപയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് എ രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ കുറഞ്ഞത് ആറ് മാസം മുമ്പെങ്കിലും ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നും ചോദിച്ചു.
ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനു പുറമേ ശബരിമലയില്‍ ടോയ്ലറ്റ് സൗകര്യങ്ങളുടെ ലഭ്യതയിലും ഗുരുതരമായ പോരായ്മകള്‍ കോടതി ചൂണ്ടിക്കാട്ടി. 'നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പവിത്രമായ പതിനെട്ടാം പടികള്‍ ഉള്‍പ്പെടെ അഞ്ചോ ആറോ മേഖലകളായി വിഭജിക്കണം. ഓരോ മേഖലയിലും ഒരേസമയം എത്ര പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് അധികാരികള്‍ തീരുമാനിക്കണം. ഇതിനായി ഒരു വിദഗ്ധ സംഘം രൂപീകരിക്കണം. ഇത് ഒരു സാധാരണ ഉത്സവം പോലെ നടത്താന്‍ കഴിയില്ല. ഒരുക്കങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പേ ആരംഭിക്കണം,' കോടതി പറഞ്ഞു.
അതേസമയം ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ മറുപടി നല്‍കി. കോടതിയുടെ ആശങ്കകള്‍ ബോര്‍ഡ് മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കിടയില്‍ ഏകോപനക്കുറവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.