എസ്.ഐ.ആര്‍ ഭരണഘടനാവിരുദ്ധം, റദ്ദാക്കണം; സിപിഎം സുപ്രീം കോടതിയില്‍
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സിപിഎം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു
MV Govindan Master - CPIM
വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരെ (എസ്.ഐ.ആര്‍) സിപിഎം സുപ്രീം കോടതിയില്‍. കേരളത്തിലെ എസ്.ഐ.ആര്‍ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ ഹര്‍ജി നല്‍കി.
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് സിപിഎം നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നു. എസ്.ഐ.ആര്‍ നടപ്പാക്കുന്നത് ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഒരു ബി.എല്‍.ഒ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തില്‍ ഉദ്യോഗസ്ഥര്‍ നേരിടുന്ന ജോലി സമ്മര്‍ദ്ദത്തെ കാര്യമായി എടുക്കണം. നിലവിലെ എസ്.ഐ.ആര്‍ നടപടികള്‍ റദ്ദാക്കുകയാണ് വേണ്ടതെന്നും ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നു.
സമാന ആവശ്യങ്ങളുമായി സംസ്ഥാന സര്‍ക്കാരും കോണ്‍ഗ്രസും മുസ്ലീം ലീഗും നേരത്തേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തിരക്കിട്ട് എസ്.ഐ.ആര്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികളിലെ പൊതുവായ ആവശ്യം. കേരളത്തില്‍ എസ്.ഐ.ആര്‍ നടപടികളെ പിന്തുണയ്ക്കുന്നത് ബിജെപി മാത്രമാണ്.