മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കന്യാസ്ത്രീക്കെതിരെ അന്വേഷണം
സംഭവം വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയെന്ന പരാതിയില്‍ അഭിഭാഷക കൂടിയായ കന്യാസ്ത്രീ ടീന ജോസിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിജിപിക്ക് ലഭിച്ച പരാതിയിലാണ് നടപടി. ഫെയ്‌സ്ബുക്ക് കമന്റിലൂടെയാണ് ടീന ജോസ് മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതി അഭിഭാഷകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.
സംഭവം വിവാദമായതിന് പിന്നാലെ ടീന ജോസിനെ തളളി സിഎംസി സന്യാസിനി സമൂഹം രംഗത്തെത്തിയിരുന്നു. ടീന ജോസിന്റെ അംഗത്വം 2009 ല്‍ കാനോനിക നിയമങ്ങള്‍ക്ക് അനുസൃതമായി റദ്ദാക്കിയതാണെന്നും സന്യാസവസ്ത്രം ധരിക്കാന്‍ അനുവാദമില്ലാത്തയാളാണ് ടീന ജോസ് എന്നുമാണ് സിഎംസി സന്യാസിനി സമൂഹം പറയുന്നത്.
'തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിനു മുഖ്യമന്ത്രി ഇറങ്ങുന്നു' എന്ന ഫെയ്സ്ബുക്ക് പോസ്റ്റിനു താഴെയാണ് ടീന ജോസ് എന്ന പ്രൊഫൈലില്‍ നിന്ന് കൊലവിളി ആഹ്വാനം. 'അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീര്‍ത്തു കളയണം അവനെ. നല്ല മനുഷ്യനായ രാജീവ് ഗാന്ധിയെ തീര്‍ത്ത ഈ ലോകത്തിന് അതൊക്കെ പറ്റും.' എന്നാണ് കമന്റ്.