Select Your Language

Notifications

webdunia
webdunia
webdunia
webdunia

എച്ച്എംപിവി കേസുകള്‍ ഇത് ആദ്യമായല്ല, കഴിഞ്ഞ വര്‍ഷം 20 കേസുകള്‍; ആശങ്ക വേണ്ട

കേരളത്തില്‍ നേരത്തെയും എച്ച്എംപിവി കണ്ടെത്തിയിട്ടുണ്ട്

എച്ച്എംപിവി കേസുകള്‍ ഇത് ആദ്യമായല്ല, കഴിഞ്ഞ വര്‍ഷം 20 കേസുകള്‍; ആശങ്ക വേണ്ട

രേണുക വേണു

, ചൊവ്വ, 7 ജനുവരി 2025 (08:48 IST)
ഹ്യുമന്‍ മെറ്റാന്യുമോവൈറസില്‍ (എച്ച്എംപിവി) ആശങ്ക വേണ്ടെന്ന് ആവര്‍ത്തിച്ച് സംസ്ഥാന ആരോഗ്യവകുപ്പ്. പനിയോ ജലദോഷമോ പോലെ ശ്രദ്ധ കൊടുക്കേണ്ട രോഗം മാത്രമാണിത്. എച്ച്എംപിവിക്ക് പ്രത്യേക ചികിത്സയോ വാക്‌സിനോ ഇല്ല. ജലദോഷമോ പനിയോ ഉള്ള ആളില്‍ എച്ച്എംപിവി കണ്ടെത്തിയാല്‍ നിലവിലുളള രോഗം മാറാനുള്ള മരുന്നു മാത്രമേ നല്‍കാറുള്ളൂ. നിലവിലെ വൈറസ് അപകടകാരിയല്ലാത്തതിനാല്‍ ഭയക്കേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗവും അഭിപ്രായപ്പെട്ടത്.
 
കേരളത്തില്‍ നേരത്തെയും എച്ച്എംപിവി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ഇരുപതോളം പേരില്‍ കണ്ടെത്തിയെന്നു സംസ്ഥാനത്തെ പ്രമുഖ ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ മാത്രം കഴിഞ്ഞവര്‍ഷം 11 എച്ച്എംപിവി കേസുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 10 പേരും കുട്ടികളായിരുന്നു. 2023 ലും ഇവിടെ എച്ച്എംപിവി വൈറസ് കണ്ടെത്തിയിട്ടുണ്ട്. പനിക്കോ ജലദോഷത്തിനോ ഉള്ളതുപോലെ കൃത്യമായ ചികിത്സ നല്‍കിയാന്‍ എച്ച്എംപിവിയും സുഖപ്പെടും. 
 
ഹ്യൂമന്‍ മെറ്റാന്യുമോണിയ വൈറസ് ഉള്‍പ്പെടെയുള്ള അണുബാധകള്‍ കുഞ്ഞുങ്ങളെയും പ്രായാധിക്യം ഉള്ളവരെയും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അവരും മറ്റു ഗുരുതരമായ രോഗങ്ങള്‍ ഉള്ളവര്‍ പാലിയേറ്റീവ് ചികിത്സ എടുക്കുന്ന ആളുകള്‍ തുടങ്ങിയവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗങ്ങള്‍ ഉള്ള സമയത്ത് കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടരുത്. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും മാസ്‌കുകള്‍ ഉപയോഗിക്കണം. നിലവില്‍ ഭയപ്പെടേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Breaking News: നേപ്പാളില്‍ വന്‍ ഭൂചലനം; പ്രകമ്പനം ഉത്തരേന്ത്യയിലും