രാഹുലിനെതിരായ വെളിപ്പെടുത്തലിനു പിന്നാലെ കോണ്‍ഗ്രസ് സൈബര്‍ ആക്രമണം; ഹണി ഭാസ്‌കരന്‍ പരാതി നല്‍കി
സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്ന് ഹണി ഭാസ്‌കരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ പ്രവാസി എഴുത്തുകാരിയും ഇടതുപക്ഷ അനുയായിയുമായ ഹണി ഭാസ്‌കരനെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ സൈബര്‍ ആക്രമണം. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല പരാമര്‍ശങ്ങള്‍ അടക്കം കോണ്‍ഗ്രസ് അനുകൂലികള്‍ ഹണിക്കെതിരെ നടത്തുന്നുണ്ട്. സൈബര്‍ ആക്രമണത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്ന് ഹണി ഭാസ്‌കരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
ഹണിയുടെ പോസ്റ്റ് പൂര്‍ണരൂപം
സ്ത്രീകള്‍ ഏതെങ്കിലും രീതിയില്‍ തനിക്ക് ചുറ്റും നടക്കുന്ന പല തരത്തിലുള്ള അബ്യൂസുകളെ കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയാല്‍ ഉടന്‍ സൈബര്‍ അറ്റാക് നടത്തി ചാണകപ്പുഴുക്കളെ പോലെ പുളയ്ക്കുന്ന പെര്‍വേര്‍റ്റുകളുടെ ആഘോഷം കണ്ടു. ഏറ്റവും ഭീകരമായ സൈബര്‍ ആക്രമണം നേരിടുന്നു.
പക്ഷേ, നിങ്ങള്‍ എഴുതുന്നത് വായിച്ച് നിങ്ങളും നിങ്ങളുടെ വേണ്ടപ്പെട്ടവരും നാണിച്ചാല്‍ മതി. നിങ്ങളെ ജനിപ്പിച്ചത് ഓര്‍ത്ത് അവര്‍ തലയില്‍ കൈ വെച്ചാല്‍ മതി. എന്നെ തീര്‍ത്തു കളയാന്‍ പറ്റില്ല. ആ കരുത്തോടെയാണ് മുന്‍പോട്ട്.
എനിക്ക് നിങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റുന്നത്, പരമോന്നത സ്ഥാനത്തേക്ക് നിങ്ങളുടെ അതിക്രമം എത്തിക്കുക എന്നതാണ്. നിങ്ങള്‍ക്കുള്ള പൊതിച്ചോറ് വീട്ടില്‍ എത്തിക്കാന്‍ സര്‍ക്കാരും നിയമവും എന്ത് നടപടി സ്വീകരിക്കും എന്ന് അറിയണ്ടേ? പോസ്റ്റുകള്‍, കമന്റുകള്‍ ഒന്നും ഡിലീറ്റ് ചെയ്യരുത്. അവിടെ തന്നെ ഉണ്ടാകണം...!
സൈബര്‍ ആക്രമണത്തിന് എതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കി...!