Rahul Mamkootathil: രാജിവയ്ക്കില്ലെന്ന് രാഹുല്‍, ഒടുവില്‍ സതീശന്‍ നിര്‍ബന്ധിച്ചു; കൈവിട്ട് ഷാഫിയും
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടപ്പോള്‍ പ്രതികൂല നിലപാടായിരുന്നു രാഹുലിന്
Rahul Mamkootathil: കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും വടകര എംപി ഷാഫി പറമ്പിലും കൈവിട്ടതോടെ രാഹുല്‍ പ്രതിസന്ധിയിലായി.
ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്ന് കെപിസിസി ആവശ്യപ്പെട്ടപ്പോള്‍ പ്രതികൂല നിലപാടായിരുന്നു രാഹുലിന്. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൂടി കൈവിട്ടതോടെ രാഹുലിനു മുന്നില്‍ രാജിയല്ലാതെ മറ്റൊരു വഴിയില്ലാതായി.
രമേശ് ചെന്നിത്തല, കെ.സുധാകരന്‍, കെ.മുരളീധരന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനെതിരെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനോടു നിലപാട് അറിയിച്ചു. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിന്റെ കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് മനസിലായതോടെ സതീശന്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
രാഹുലിന്റെ അടുത്ത സുഹൃത്തായ ഷാഫി പറമ്പിലും പിന്തുണയ്ക്കാനെത്തിയില്ല. രാഹുലിനെ പൂര്‍ണമായി തഴയുന്ന നിലപാടായിരുന്നു ഷാഫിയുടേതും. ഷാഫിയുടെ പ്രതികരണം അറിയാന്‍ മാധ്യമങ്ങള്‍ പലവട്ടം ബന്ധപ്പെട്ടെങ്കിലും പിടികൊടുത്തില്ല. ഒടുവില്‍ ഷാഫി കേരളം വിട്ടതായും വാര്‍ത്തകളുണ്ട്. രാഹുല്‍ ഗാന്ധിയുടെ 'വോട്ട് അധികാര്‍ യാത്ര'യില്‍ പങ്കെടുക്കാനാണ് ബിഹാറിലേക്ക് പോയെന്നാണ് ഷാഫിയുമായി അടുത്ത വൃത്തങ്ങളുടെ വിശദീകരണം.