തുണി അലക്കുന്നതിനിടെ കല്ലിനിടയിൽ വീണ സോപ്പ് എടുക്കാൻ ശ്രമം; പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കയ്യിൽ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്.
തുണി അലക്കുന്നതിനിടെ കല്ലിനിടെയിൽ വീണ സോപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു. നാറാണി മണികണ്ഠ വിലാസത്തിൽ മണികണ്ഠൻ നായരുടെ ഭാര്യ തുളസിയാണ് പാമ്പുകടിയേറ്റ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം.
കയ്യിൽ നീറ്റലുണ്ടായിരുന്നുവെങ്കിലും സോപ്പ് എടുമ്പോൾ കല്ലിൽ ഉരഞ്ഞതാകുമെന്നാണ് തുളസി ആദ്യം കരുതിയിരുന്നത്. എന്നാൽ, അല്പം കഴിഞ്ഞ് നീരുവന്ന് കൈ വീർക്കാൻ തുടങ്ങി. തുടർന്ന് എട്ടരയോടെ ഇവരെ മകൻ ബൈക്കിൽ സമീപത്തെ വൈദ്യശാലയിൽ എത്തിച്ചു. ഒരു മണിക്കൂറിലേറെ തുളസിയെ ഇവിടെ പരിശോധിച്ചെങ്കിലും സമയം ചെല്ലുന്തോറും അവരുടെ നില മോശമാകാൻ തുടങ്ങി.
തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വൈദ്യർ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ, നെയ്യാറ്റിൻകരയിൽ എത്തിയപ്പോഴേക്കും തുളസി മരണത്തിന് കീഴടങ്ങുകയായിരുന്നു.