Govindachamy: മതില്‍ കയറിയത് ടാങ്കുകള്‍ അടുക്കിവെച്ച്; അന്വേഷണം സഹതടവുകാരിലേക്കും
സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടികടക്കാന്‍ ടാങ്കുകള്‍ ഉപയോഗിച്ചു
Govindachamy: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഗോവിന്ദച്ചാമി തടവുചാടിയത് വിദഗ്ധമായ പദ്ധതികളിട്ട ശേഷം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സെല്ലിന്റെ കമ്പിമുറിച്ച് ഗോവിന്ദച്ചാമി പുറത്തിറങ്ങിയത്.
സെല്ലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ കൂറ്റന്‍ മതില്‍ ചാടികടക്കാന്‍ ടാങ്കുകള്‍ ഉപയോഗിച്ചു. ജയില്‍ ആവശ്യത്തിനായുള്ള ടാങ്കുകള്‍ അടുക്കിവെച്ച് മതില്‍ ചാടുകയായിരുന്നു. ഒറ്റകൈയന്‍ ആയ ഗോവിന്ദച്ചാമിക്ക് ഇതിനു സഹതടവുകാരുടെ സഹായം ലഭിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.
ജയില്‍ ജീവനക്കാര്‍ ഉറക്കത്തില്‍പ്പെട്ട സമയം നോക്കിയാണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി അറുത്തുമാറ്റിയത്. സുരക്ഷയില്‍ വീഴ്ച വരുത്തിയതിനു മൂന്ന് ജയില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. ഗോവിന്ദച്ചാമിയുമായി കഴിഞ്ഞ ഒരു മാസം കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്ന ജയില്‍ തടവുകാരെ കണ്ടെത്തി പൊലീസ് ചോദ്യം ചെയ്യും. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കും.
കഴിഞ്ഞ ഒരു മാസത്തോളമായി വളരെ ചെറിയ അളവില്‍ മാത്രമാണ് ഗോവിന്ദച്ചാമി ഭക്ഷണം കഴിച്ചിരുന്നത്. ജയിലിലെ അതീവ സുരക്ഷയുള്ള പത്താം സെല്ലിലെ ലോക്കപ്പില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി കുറച്ച് ദിവസങ്ങളായി ജയില്‍ ചാട്ടത്തിനുള്ള പദ്ധതിയിട്ടിരുന്നതായാണ് വിവരം. ഇരുമ്പഴി മുറിച്ചുമാറ്റി അതിനിടയിലൂടെ പുറത്ത് കടക്കാന്‍ വേണ്ടിയാണ് ഗോവിന്ദച്ചാമി ഭക്ഷണം മിതപ്പെടുത്തി ശരീരഭാരം കുറച്ചതെന്നാണ് വിവരം.