യുവ അഭിഭാഷകയുടെ ആത്മഹത്യ: ഐശ്വര്യ അനുഭവിച്ചത് കൊടിയ ഭർതൃപീഡനമെന്ന് പോലീസ്
മരണപ്പെട്ട ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെത്തി.
കൊല്ലം ചടയമംഗലത്ത് അഭിഭാഷക ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനായ കണ്ണൻ നായരാണ് അറസ്റ്റിലായത്. ഭർതൃപീഡനത്തെ തുടർന്നാണ് അഭിഭാഷക മരിച്ചതെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. മരണപ്പെട്ട ഐശ്വര്യയുടെ ഡയറിക്കുറിപ്പുകൾ പോലീസ് കണ്ടെത്തി. തുടർന്ന് സഹോദരൻ ആരോപണമുന്നയിച്ച് പോലീസിൽ പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ക്രൂരപീഡനമാണ് ഐശ്വര്യ ഭർത്താവിൽ നിന്നും നേരിട്ടതെന്നാണ് ഡയറിക്കുറിപ്പിൽ നിന്നും വ്യക്തമാകുന്നതെന്ന് പോലീസ് പറയുന്നു. നിസാര സംഭവങ്ങൾക്ക് പോലും ഭർത്താവ് ഉപദ്രവിക്കുമായിരുന്നുവെന്നും കഴിഞ്ഞ 3 വർഷമായി കൊടിയ പീഡനമാണ് ഏൽക്കുന്നതെന്നും ഡയറിക്കുറിപ്പിൽ പറയുന്നു.
ഐശ്വര്യയെ ഭർത്താവ് മർദ്ദിക്കുമായിരുന്നുവെന്നും ഐശ്വര്യയുടെ അമ്മയും ആരോപിക്കുന്നു. ഐശ്വര്യയുടെ മരണത്തിന് പിന്നാലെ കണ്ണൻ നായർ ഒഴിവിലായിരുന്നു. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ആത്മഹത്യാപ്രേരണാക്കുറ്റത്തിനാണ് ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കണ്ണൻ നായരുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കും.