പ്രമുഖ നടന്റെ വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയില്‍; തസ്ലിമയുമായി എന്ത് ബന്ധം?
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചുകഴിഞ്ഞു
ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ ഒന്നാം പ്രതി കണ്ണൂര്‍ സ്വദേശി തസ്ലിമ സുല്‍ത്താനയുമായി (ക്രിസ്റ്റീന-43) ബന്ധമുള്ള സിനിമ താരങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കും. തസ്ലിമ അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ.
തസ്ലിമയ്ക്കു സിനിമ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചുകഴിഞ്ഞു. തസ്ലിമയുമായി ബന്ധമുണ്ടെന്നു നടന്‍ ഷൈന്‍ ടോം ചാക്കോ കഴിഞ്ഞ ദിവസം പൊലീസിനോടു സമ്മതിച്ചിരുന്നു. തസ്ലിമ ഫോണില്‍ മെസേജ് അയച്ചിരുന്നെന്നു നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു.
മലയാളത്തിലെ മറ്റൊരു പ്രമുഖ നടനുമായും തസ്ലിമയ്ക്ക് ബന്ധമുണ്ടെന്നാണ് വിവരം. തസ്ലിമയുടെ ഫോണില്‍ ഒരു നടനുമായുള്ള വാട്‌സ്ആപ്പ് ചാറ്റ് ഡിലീറ്റ് ചെയ്ത നിലയിലാണ്. ഇതു വീണ്ടെടുക്കാന്‍ ഫൊറന്‍സിക് സഹായം തേടിയിട്ടുണ്ട്.
മണ്ണഞ്ചേരി മല്ലംവെളി കെ.ഫിറോസ് (26), തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി (43) എന്നിവരാണു കേസിലെ രണ്ടും മൂന്നും പ്രതികള്‍. തസ്ലിമയ്‌ക്കൊപ്പം ഇവരെയും ചോദ്യം ചെയ്യലിനു ഹാജരാക്കും. ഹൈബ്രിഡ് കഞ്ചാവ് കടത്തു കേസിലെ പ്രതികളുമായി ബന്ധമുള്ള സിനിമ താരങ്ങളെ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമെന്നാണ് വിവരം.