ശബരിമലയിലെ സ്ഥിതികൾ വഷളാകുന്നു. സംഘര്‍ഷ സാധ്യത മുന്നില്‍കണ്ട് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പിനടയിലും പ്രതിഷേധം നടത്തി പൊലീസിനെ വെല്ലുവിളിച്ച നൂറോളം പേരെ ശബരിമലയില്‍ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തുനീക്കി.
ഇതിനിടയിൽ ബിജെപി നേതാവ് കെ സുരേന്ദ്രനും അറസ്റ്റിലായിരുന്നു. സന്നിധാനത്തെത്തിയ സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് തന്റെ ഇരുമുടിക്കെട്ട് താഴെയിട്ട് ചവിട്ടിയെന്നും പൊലീസ് ഷര്‍ട്ട് വലിച്ചുകീറിയെന്നുമൊക്കെയായിരുന്നു സുരേന്ദ്രന്റെ ആരോപണം.
ചിറ്റാര്‍ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് പൊലീസ് തന്നെ മർദ്ദിച്ചതെന്നും സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാൽ, കള്ളങ്ങളുടെ കെട്ടഴിച്ച് വിട്ട സുരേന്ദ്രന്റെ നാടകം പൊളിച്ചടുക്കിയത് പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യമാണ്. സുരേന്ദ്രന്‍ തന്റെ ഇരുമുടിക്കെട്ട് രണ്ട്തവണ മന: പൂര്‍വം താഴെയിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. പിന്നീട് ഷര്‍ട്ട് വലിച്ചു കീറിയെന്ന് കാണിക്കാന്‍ വേണ്ടി മുറിച്ചുവെച്ചതു പോലെ കീറിയ ഷര്‍ട്ടുമായി സുരേന്ദ്രന്‍ ഫോട്ടോ എടുക്കാന്‍ നിന്നുകൊടുക്കുകയും ചെയ്‌തു.
പൊലീസിന് തുണയായത് സിസിടിവി ദൃശ്യങ്ങൾ തന്നെയാണ്. ഈ ദൃശ്യങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കേരളത്തെ ഒരു കലാപഭൂമിയാക്കാൻ ബിജെപി കഴിയുമായിരുന്നു. വിശ്വാസികളെ തല്ലിചതച്ചുവെന്നും ഇരുമുടിക്കെട്ട് വലിച്ചെറിഞ്ഞെന്നുമൊക്കെയുള്ള വാദങ്ങൾ ഇവർ കേരളത്തിലെ വിശ്വാസി സമൂഹത്തിന് മുന്നിൽ യാതോരു ഉളുപ്പുമില്ലാതെ പറഞ്ഞേനെ. എങ്കിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസിനും കഴിയാതെ വന്നേക്കാം.