അട്ടക്കുളങ്ങരയിലെ ജയിലിൽ നിന്നും രക്ഷപെട്ട രണ്ട് വനിതാ ജയിൽ പുള്ളികളെ ദിവസങ്ങൾക്കുള്ളിൽ പിടിച്ച് പൊലീസ്. ശിൽപ്പ, സന്ധ്യ എന്നിവരാണ് പാലോട് നിന്ന് പിടിയിലായത്. ശിൽപ്പയുടെ വീട് പാങ്ങോട് ആണ്. വീട്ടിലേയ്ക്ക് പോകുന്ന വഴി പാലോട് പോലീസും റൂറൽ എസ്‍പിയുടെ കീഴിലുള്ള ഷാഡോ പോലീസും ചേര്‍ന്ന് യുവതികളെ പിടികൂടുകയായിരുന്നു. ജയിൽ ചാട്ടക്കേസ് അന്വേഷിക്കന്ന ഫോര്‍ട്ട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും.
സന്ധ്യയ്ക്കും ശിൽപ്പയ്ക്കുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും എല്ലാ പോലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെട്ട് ഇവര്‍ക്കായി തെരച്ചിൽ ഊര്‍ജിതപ്പെടുത്തിയിരുന്നു. ഇവർ തമിഴ്നാട്ടിലേക്ക് കടക്കുമെന്നായിരുന്നു പൊലീസ് കരുതിയത്.
പാങ്ങോട് സ്വദേശിയായ ശിൽപ്പയെ പോലീസ് അറസ്റ്റ് ചെയ്തത് വീട്ടുജോലിയ്ക്ക് നിന്ന സ്ഥലത്തെ ഗൃഹനാഥന്‍റെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ചതിനായിരുന്നു. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിലായിരുന്നു വര്‍ക്കല സ്വദേശിയായ സന്ധ്യ പിടിയിലായത്. ജാമ്യത്തിലിറങ്ങാൻ പണമില്ലാത്തതു കൊണ്ടാണ് ഇരുവരും ചേര്‍ന്ന് ജയിൽ ചാടാൻ തീരുമാനിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്.