Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

ജനതാദളിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, യുഡിഎഫ് ശിഥിലമാകും: കോടിയേരി

Janatha Dul
തിരുവനന്തപുരം , വ്യാഴം, 11 ജനുവരി 2018 (22:27 IST)
ജനതാദള്‍ (യു) ഇടതുമുന്നണിയിലേക്ക് വരാന്‍ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നു എന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് വിട്ട് യു‌ഡി‌എഫിലേക്ക് അവര്‍ പോയപ്പോള്‍ തന്നെ ആ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും കോടിയേരി വ്യക്തമാക്കി. 
 
ജെഡിയുവിന്‍റെ ഇടതുമുന്നണി പ്രവേശം സംസ്ഥാനത്ത് യു‌ഡി‌എഫിന്‍റെ നില കൂടുതല്‍ ദുര്‍ബലമാക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു. ഇനിയും പല പാര്‍ട്ടികളും യു ഡി എഫ് വിടും. മാണി വിഭാഗം നേരത്തേതന്നെ വിട്ടുപോയി. ജെ ഡി യു ഇപ്പോള്‍ ഈ രീതിയില്‍ തീരുമാനമെടുത്തതോടെ യു ഡി എഫ് ശിഥിലമാകുകയാണ് - കോടിയേരി പറഞ്ഞു.
 
ജെ ഡി യുവിന് മുന്നില്‍ ഇടതുമുന്നണി വാതില്‍ കൊട്ടിയടയ്ക്കില്ല. ഒരു ഉപാധിയും ആരും മുന്നോട്ടുവച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വ്യാഴാഴ്ച ചേര്‍ന്ന ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇടതുമുന്നണിയിലേക്ക് പോകാനുള്ള തീരുമാനമെടുത്തത്. 14 ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനത്തെ അനുകൂലിച്ചു. എല്‍ഡിഎഫിലേക്ക് പോകുന്നതിനുള്ള ഉചിതമായ സമയമാണ് ഇതെന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. ഏകകണ്ഠമായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
 
ജെഡിയുവിന്റെ ഇടതുമുന്നണി പ്രവേശത്തില്‍ കെ പി മോഹനനും തന്റെ നിലപാട് മാറ്റി. ഇടതുമുന്നണിയിലേക്ക് പോകാനുള്ള നീക്കത്തെ അദ്ദേഹവും പിന്തുണച്ചു. അതേസമയം വീരേന്ദ്രകുമാറിന്റെ നീക്കം വ്യക്തി താല്‍പ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് യുഡിഎഫ് വിമര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടര്‍ യാത്ര വിവാദമാക്കേണ്ടതില്ല: കെ എം മാണി