Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടര്‍ യാത്ര വിവാദമാക്കേണ്ടതില്ല: കെ എം മാണി

മുഖ്യമന്ത്രിയുടെ ഹെലികോപ്‌ടര്‍ യാത്ര വിവാദമാക്കേണ്ടതില്ല: കെ എം മാണി
കോട്ടയം , വ്യാഴം, 11 ജനുവരി 2018 (22:07 IST)
ഹെലികോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ എം മാണി. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര വിവാദമാക്കേണ്ട കാര്യമില്ലെന്ന് മാണി പ്രതികരിച്ചു.
 
ഹെലികോപ്ടര്‍ യാത്രയ്ക്ക് ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് തുകയെടുത്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചടച്ചാല്‍ മതി. അല്ലാതെ അത് വിവാദമാക്കേണ്ട ആവശ്യമില്ല - മാണി പറഞ്ഞു.
 
അത്യാവശ്യ സാഹചര്യങ്ങളില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ഹെലികോപ്ടറില്‍ യാത്ര ചെയ്യാറുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നതിന്‍റെ പേരില്‍ മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയെ പഴിക്കാനാവില്ല - മാണി വ്യക്തമാക്കി.
 
ഹെലികോപ്ടര്‍ വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിച്ച് മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ഓഖി ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് താന്‍ മോഷണം നടത്തിയെന്ന രീതിയിലാണ് ഇപ്പോള്‍ ചിലര്‍ പ്രചരണം നടത്തുന്നതെന്നും ഓഖി ദുരന്തബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ താന്‍ കാണാന്‍ തയ്യാറായില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപമായി വരികയെന്നും പിണറായി പറഞ്ഞിരുന്നു. ഹെലികോപ്ടര്‍ വിവാദത്തേക്കുറിച്ച് പാര്‍ട്ടി വേദിയില്‍ വച്ചാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. 
 
“കാറിലാണല്ലോ നമ്മുടെ നാട്ടില്‍ സാധാരണ യാത്ര ചെയ്യുക. കാറില്‍ യാത്ര ചെയ്യുന്നത് എന്‍റെ പോക്കറ്റില്‍ നിന്ന് കാശെടുത്തിട്ടല്ല. എന്‍റെ കുടുംബത്തില്‍ നിന്ന് എടുത്തിട്ടുമല്ല. ആ കാശ് സര്‍ക്കാരാണ് കൊടുക്കുന്നത്. മുഖ്യമന്ത്രിയായാലും മന്ത്രിയായാലും അങ്ങനെയാണല്ലോ സാധാരണ ചെയ്യുക. ഞാന്‍ ഡല്‍ഹിയിലോ മറ്റ് സ്ഥലത്തോ പോകുന്നുണ്ടെങ്കില്‍ വിമാനത്തിലാണ് പോവുക. അതിന്‍റെ പണം സര്‍ക്കാരാണ് കൊടുക്കുന്നത്. ഏത് കണക്കില്‍ നിന്നാണ് കൊടുക്കുന്നതെന്ന് ആരെങ്കിലും ചോദിക്കുന്നുണ്ടോ? ഏതെങ്കിലും മന്ത്രി ചോദിക്കുന്നുണ്ടോ? അങ്ങനെ ആരും ചോദിക്കാറില്ല. സാധാരണയായി ഉദ്യോഗസ്ഥര്‍ അക്കാര്യങ്ങള്‍ ചെയ്യുകയാണ്. അതൊന്നും എന്‍റെ പണിയല്ല. ഏത് അക്കൌണ്ടില്‍ നിന്നാണ് നിങ്ങള്‍ കാശുകൊടുത്തതെന്ന് മുഖ്യമന്ത്രിയെന്ന നിലയ്ക്ക് ഉദ്യോഗസ്ഥരെ വിളിച്ച് ചോദിക്കലാണോ എന്‍റെ പണി? മുഖ്യമന്ത്രി സഞ്ചരിച്ചാല്‍ സ്വാഭാവികമായി അവര്‍ കാശ് കൊടുക്കും. സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ് ഇതൊക്കെ എന്നര്‍ത്ഥം. ഇപ്പോള്‍, ഈ പണത്തിന്‍റെ കാര്യമെടുത്താല്‍, അത് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് പണം കൊടുത്തതെന്ന് ഇന്നലെ വൈകുന്നേരമാണ് എന്‍റെ ശ്രദ്ധയില്‍ പെടുന്നത്. അപ്പോള്‍ ഞാന്‍ വിളിച്ച്, എന്താണ് അത് അങ്ങനെ എന്ന് അന്വേഷിച്ചു. ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് എടുക്കേണ്ടതില്ല, നമ്മുടെ പൊതുഫണ്ടില്‍ നിന്ന് എടുത്താല്‍ മതി എന്ന് പറയുകയും ചെയ്തു. അത് അവിടെ തീര്‍ന്നു. ഇതിന് മുകളില്‍ നടക്കുന്ന മറ്റ് വര്‍ത്തമാനങ്ങള്‍ക്ക് മറുപടി പറയാന്‍ പറ്റുന്ന സ്ഥാനത്തല്ലല്ലോ ഉള്ളത്. അതുകൊണ്ട് പറയുന്നില്ല എന്നുമാത്രം. ഈ സംഭവത്തില്‍ ഒരു അപാകതയുമില്ല. നാളെയും ഇത്തരം യാത്രകള്‍ വേണ്ടിവരും. ഏത് മുഖ്യമന്ത്രിക്കും ഇത് ബാധകമാണ് എന്ന് നമ്മള്‍ മനസിലാക്കണം” - പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടിയേരിയും കുമ്മനവും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട: പിസി വിഷ്ണുനാഥ്