Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ-ഫോണ്‍ വിപ്ലവം 'ഒടിടി'യിലേക്കും; ചരിത്രം കുറിക്കാന്‍ കേരള മോഡല്‍

കെ-ഫോണിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഇതിലൂടെ ലഭ്യമാകും

കെ-ഫോണ്‍ വിപ്ലവം 'ഒടിടി'യിലേക്കും; ചരിത്രം കുറിക്കാന്‍ കേരള മോഡല്‍

രേണുക വേണു

, വ്യാഴം, 27 ഫെബ്രുവരി 2025 (09:10 IST)
കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണ്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനൊരുങ്ങുന്നു. സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെ-ഫോണ്‍ പദ്ധതി ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്‍കി വിപുലീകരണം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം തുടരുന്നത്. പ്രഖ്യാപിത ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണത്തിനൊപ്പം വന്‍കിട കമ്പനികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍വീസുകള്‍ കൂടി ലഭ്യമാക്കി ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനെ എത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം പുരോഗമിക്കുന്നത്. 
 
കെ-ഫോണിന്റെ ഒടിടി പ്ലാറ്റ്‌ഫോം ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കും. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഇതിലൂടെ ലഭ്യമാകും. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ഐപിടിവി, സിം തുടങ്ങിയവയാണ് കെഫോണിന്റെ അടുത്ത ഘട്ട നടപടികള്‍. വരും മാസങ്ങളില്‍ത്തന്നെ അവ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ സംസ്ഥാനത്തിന് പുറത്ത് ഇന്റര്‍നെറ്റ് നല്‍കുന്നതിനായുള്ള ലൈസന്‍സിനുള്ള കെഫോണിന്റെ ശ്രമങ്ങളും തുടരുകയാണ്.
 
31,153 കിലോ മീറ്ററുകള്‍ ഫൈബര്‍ ഒപ്റ്റിക് കേബിള്‍ പൂര്‍ത്തീകരിച്ച് കെഫോണ്‍ ഇന്റര്‍നെറ്റ് നിലവില്‍ പൂര്‍ണസജ്ജമാണ്. ഐഎസ്പി ലൈസന്‍സും ഒപ്പം ഐപി ഇന്‍ഫ്രസ്ട്രക്ചര്‍ ലൈസന്‍സും എന്‍എല്‍ഡി (നാഷണല്‍ ലോങ്ങ് ഡിസ്റ്റന്‍സ്സ്) ലൈസന്‍സും കെ ഫോണിന് സ്വന്തമാണ്. 
 
കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സജ്ജമാക്കിയ നെറ്റ്വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്ററാണ് കെഫോണിന്റെ തലച്ചോര്‍. ഇവിടെ നിന്നും 375 കെ.എസ്.ഇ.ബി സബ് സ്റ്റേഷനുകളിലായുള്ള പോയിന്റ് ഓഫ് പ്രസന്‍സ് (POP) കേന്ദ്രങ്ങള്‍ വഴിയാണ് കേരളത്തിലുടനീളമുള്ള വിവിധ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും ഇന്റര്‍നെറ്റ് ലഭ്യമാകുന്നത്. നെറ്റ്വര്‍ക്ക് ഓപ്പറേറ്റിംഗ് സെന്ററില്‍ (NOC) നിന്ന് 14 കോര്‍ പോപ്പ് കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് 94 റിങ്ങ് അഗ്രിഗേഷന്‍ നെറ്റ്വര്‍ക്ക് വഴി 186 പ്രീ അഗ്രിഗേഷന്‍ റിങ്ങ് നെറ്റ്വര്‍ക്കിലേക്കും അവിടെ നിന്ന് 81 സ്പര്‍ കേബിള്‍ കണക്ഷന്‍ കേന്ദ്രങ്ങളിലേക്കും വിന്യസിച്ചിരുക്കുന്ന വിപുലമായ നെറ്റ്വര്‍ക്ക് സിസ്റ്റം വഴിയാണ് കെഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നത്.
 
നിലവില്‍ 30,438 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കെ ഫോണ്‍ കണക്ടിവിറ്റി സജ്ജമാക്കിക്കഴിഞ്ഞു. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനാല്‍ നെറ്റുവര്‍ക്ക് സജ്ജീകരണത്തില്‍ ചെറിയൊരു വേഗതക്കുറവുണ്ടെങ്കില്‍പ്പോലും ഇതിനോടകം 24,080 സര്‍ക്കാര്‍ ഓഫീസുകളില്‍ കെഫോണ്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇനിയും ബാക്കിയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കണക്ഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണ്. 
 
ഡാര്‍ക് ഫൈബര്‍, ഇന്റര്‍നെറ്റ് ഫൈബര്‍ ടു ദ ഹോം, ഇന്റര്‍നെറ്റ് ലീസ് ലൈന്‍ എന്നിങ്ങനെയുള്ള മോണിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങളും കെ ഫോണ്‍ പ്രൊജക്ടില്‍ ഉള്‍പ്പെടുന്നു. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കുമുള്ള തുക കണ്ടെത്തുന്നത് ഇവ മുഖേനയാണ്. കൊമേഴ്സ്യല്‍ എഫ്.ടി.ടി.എച്ച് കണക്ഷനുകള്‍ 49,773 എണ്ണവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന 5,236 കുടുംബങ്ങളില്‍ സൗജന്യ കണക്ഷനുകളും ലൈവായി ഉപയോഗിക്കുന്നുണ്ട്.

ഇതിന് പുറമേ 103 ഇന്റര്‍നെറ്റ് ലീസ് ലൈന്‍ കണക്ഷനുകളും 255 എസ്.എം.ഇ ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും നിലവിലുണ്ട്. 6307 കിലോമീറ്റര്‍ ഡാര്‍ക്ക് ഫൈബര്‍ വാണിജ്യ അടിസ്ഥാനത്തില്‍ എട്ട് ഉപഭോക്താക്കള്‍ക്കായി നല്‍കിയിട്ടുണ്ട്. ആകെ 80,000 സബ്സ്‌ക്രൈബേഴ്സാണ് കെഫോണിന് ഉള്ളത്. 3,730 ലോക്കല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാരാണ് കെഫോണുമായി എഗ്രിമെന്റിലേര്‍പ്പെട്ട് പ്രവര്‍ത്തിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വഞ്ചികളും ബോട്ടുകളും കടലിലിറങ്ങില്ല; തീരദേശ ഹര്‍ത്താല്‍ ആരംഭിച്ചു