Select Your Language

Notifications

webdunia
webdunia
webdunia
webdunia

കെ.സുരേന്ദ്രന്‍ പുറത്തേക്ക്; തിരഞ്ഞെടുപ്പ് തോല്‍വിക്കും കുഴല്‍പ്പണക്കേസിനും പിന്നാലെ പുതിയ വിവാദം

കെ.സുരേന്ദ്രന്‍ പുറത്തേക്ക്; തിരഞ്ഞെടുപ്പ് തോല്‍വിക്കും കുഴല്‍പ്പണക്കേസിനും പിന്നാലെ പുതിയ വിവാദം
, വ്യാഴം, 3 ജൂണ്‍ 2021 (08:12 IST)
ബിജെപിയില്‍ അടിതെറ്റി കെ.സുരേന്ദ്രന്‍. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേന്ദ്രനെ മാറ്റിനിര്‍ത്തിയേക്കും. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കുഴല്‍പ്പണക്കേസും സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കൈമാറിയെന്ന ആരോപണവും സുരേന്ദ്രന് തിരിച്ചടിയായി. പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കിയെന്നാണ് നേതാക്കളുടെ അഭിപ്രായം. 
 
കെ.സുരേന്ദ്രന്‍ കാരണം പാര്‍ട്ടി പ്രതിസന്ധിയിലായെന്ന് ബിജെപിക്കുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളാണ് പ്രധാനമായും സുരേന്ദ്രനെതിരെ രംഗത്തെത്തിയിരിക്കുന്നത്. കുഴല്‍പ്പണക്കേസ് പ്രതികള്‍ തൃശൂരിലെ ബിജെപി ഓഫീസില്‍ എത്തിയിരുന്നു. തൃശൂര്‍ ജില്ലാ പ്രസിഡന്റ് അനീഷ് കുമാറുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായും പൊലീസിന് വ്യക്തമായിട്ടുണ്ട്. കുഴല്‍പ്പണക്കേസില്‍ സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വര്‍ണക്കടത്ത് കേസിനെതിരെ ശക്തമായ അന്വേഷണം ആവശ്യപ്പെട്ടിരുന്ന ബിജെപി സംസ്ഥാന നേതാക്കള്‍ ഇപ്പോള്‍ നിശബ്ദരാണ്. കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട പല ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ബിജെപി നേതാക്കള്‍ വിട്ടുനില്‍ക്കുന്ന സാഹചര്യവുമുണ്ട്. പാര്‍ട്ടി അത്രത്തോളം പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
എന്‍ഡിഎയില്‍ ചേരാന്‍ സി.കെ.ജാനുവിന് സുരേന്ദ്രന്‍ പണം നല്‍കിയെന്ന വെളിപ്പെടുത്തലും വിവാദമായിരിക്കുകയാണ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) ട്രഷറര്‍ പ്രസീത അഴീക്കോട് ജാനു പണം ആവശ്യപ്പെടുന്നതിന്റെ ശബ്ദരേഖ പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റുമായി ജാനു നടത്തിയ സംഭാഷണമെന്നാണ് ആക്ഷേപം. ജാനു പത്ത് കോടി ആവശ്യപ്പെട്ടു. എന്നാല്‍, പത്തുലക്ഷം രൂപയാണ് സുരേന്ദ്രന്‍ കൈമാറിയത്. 
 
10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭാ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവുമാണ് സി.കെ.ജാനു ആവശ്യപ്പെട്ടതെന്ന് പ്രസീത പറയുന്നു. സുരേന്ദ്രന്‍ ഇത് അംഗീകരിച്ചില്ലെന്നും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പ്രസീത ആരോപിക്കുന്നു. ഒടുവില്‍ ഈ തുക നല്‍കാന്‍ സുരേന്ദ്രന്‍ സമ്മതിക്കുകയായിരുന്നു. എന്നാല്‍, ഈ ആരോപണങ്ങളെയെല്ലാം ജാനു തള്ളി. 
 
ഒന്നിനു പിറകെ ഒന്നായി സുരേന്ദ്രന്‍ ആരോപണ ചുഴിയിലാണ്. ഇത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിനിന്ന് മറ്റാരെങ്കിലും ചുമതല ഏറ്റെടുക്കണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് മൂലം മരണപ്പെട്ട 560 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ സ്വീകരിച്ചില്ല; എല്ലാവര്‍ക്കും വേണ്ടി അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ച് മന്ത്രി