കണ്ണൂർ: വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാം എന്ന വാഗ്ദാനത്തിൽ യുവതിയിൽ നിന്ന് 178700 രൂപ തട്ടിയെടുത്തതായി പരാതി. ചാലാട് സ്വദേശിയായ യുവതിക്കാണ് പണം നഷ്ടപ്പെട്ടത്. സമൂഹ മാധ്യമം വഴി ഓൺലൈൻ ജോലിയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്.
യുവതിയുടെ മൊബൈലിലേക്ക് തുടർച്ചയായി സന്ദേശങ്ങൾ അയച്ചായിരുന്നു തുടക്കം. ആദ്യമാദ്യം ചെറിയ ചെറിയ ജോലികൾ നൽകി പണം നൽകും. എന്നാൽ തുടർന്ന് കൂടിയ അളവിൽ ജോലി ലഭിക്കണമെങ്കിൽ പണം അങ്ങോട്ട് നൽകണമെന്ന് ആവശ്യപ്പെടും. എങ്കിലും ജോലി തീരുന്ന മുറയ്ക്ക് പണം ഉടൻ നൽകില്ല. അടുത്ത ജോലിക്ക് ഉടൻ വീണ്ടും അയച്ചാൽ മാത്രമേ പുതിയ 'ടാസ്ക്' ലഭിക്കുകയുള്ളൂ എന്നായിരിക്കും മറുപടി.
പണം ലഭിക്കാതായതിനെ തുടർന്ന് യുവതി സൈബർ സെല്ലിൽ പരാതിപ്പെട്ടു. തുടർന്ന് വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ എന്തെങ്കിലും രീതിയിലുള്ള തട്ടിപ്പ് ഉണ്ടെന്ന് തോന്നിയാൽ ഉടൻ പോലീസ് സൈബർ ക്രൈം നമ്പറായ 1930 ൽ ബന്ധപ്പെടാനാണ് പോലീസ് നിർദ്ദേശം. പരാതി രജിസ്റ്റർ ചെയ്യാൻ
http://cybercrime.gov.in ൽ ബന്ധപ്പെടുക.