അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് അണുബാധയും ഒരുമിച്ച് ബാധിച്ച 17കാരനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ . മൂന്ന് മാസത്തെ ചികിത്സയ്ക്ക് ശേഷമാണ് 17കാരനെ പൂര്‍ണ ആരോഗ്യത്തോടെ വീട്ടിലെത്തിക്കാന്‍ മെഡിക്കല്‍ സംഘത്തിന് സാധിച്ചത്. ലോകത്ത് ഇത്തരത്തില്‍ 2 അസുഖവും ഒരുമിച്ച് ബാധിച്ച് രക്ഷപ്പെടുന്ന ആദ്യത്തെ കേസാണിത്.
കൊല്ലം ശൂരനാട് സ്വദേശിയായ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിക്കുളിച്ചതിന് ഒരാഴ്ചയ്ക്കുശേഷമാണ് ബോധക്ഷയം, മസ്തിഷ്‌കജ്വരം, ഇടത് വശം തളര്‍ച്ച എന്നിവയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പരിശോധനയില്‍ അമീബ ബാധ കണ്ടെത്തി. തുടര്‍ന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സ ആരംഭിച്ചെങ്കിലും, പിന്നീട് തലച്ചോറില്‍ പഴുപ്പ് കെട്ടുകയും കാഴ്ച മങ്ങുകയും ചെയ്തതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
അവിടെ നടത്തിയ എംആര്‍ഐ സ്‌കാനില്‍ തലച്ചോറില്‍ പലയിടത്തായി പഴുപ്പ് കണ്ടെത്തി. ന്യൂറോ സര്‍ജറി വിഭാഗം അടിയന്തര ശസ്ത്രക്രിയ നടത്തി പഴുപ്പ് നീക്കം ചെയ്തു. പിന്നീട് രോഗം വീണ്ടും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടാമത്തെ ശസ്ത്രക്രിയയും നടന്നു. പരിശോധനയില്‍ ആസ്പര്‍ജില്ലസ് ഫ്ളാവസ് ഫംഗസ് കണ്ടെത്തിയതോടെ മരുന്നുകളില്‍ മാറ്റം വരുത്തി. ഒന്നര മാസം നീണ്ട തീവ്ര ചികിത്സയ്ക്ക് ശേഷമാണ് കുട്ടി പൂര്‍ണ ആരോഗ്യത്തോടെ മടങ്ങിയത്.ലോകത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന് 99% മരണനിരക്കുണ്ടെങ്കിലും, കേരളത്തില്‍ അത് 24% മാത്രമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് 86 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 21 മരണം മാത്രമേ ഉണ്ടായിട്ടുള്ളൂ. രോഗം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തിയും ഏകോപിതമായ ചികിത്സ ഉറപ്പാക്കിയും മരണനിരക്ക് കുറയ്ക്കാനായെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഈ വിജയത്തിന് നേതൃത്വം നല്കിയത് ഡോ. സുനില്‍കുമാര്‍ (ന്യൂറോ സര്‍ജറി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ്), ഡോ. രാജ് എസ്. ചന്ദ്രന്‍, ഡോ. ജ്യോതിഷ് എല്‍.പി., ഡോ. രാജാകുട്ടി എന്നിവര്‍ അടങ്ങുന്ന ടീം. രോഗനിര്‍ണയം നടത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഡോ. ഷാനിമോള്‍ നയിച്ച വിഭാഗമാണ്.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രോഗിയെ രക്ഷിച്ച ടീമുകളെ അഭിനന്ദിച്ചു.