തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

എഐ ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ പ്രചാരണ സാമഗ്രികളുടെയും നിര്‍മ്മാണ തീയതിയും സൃഷ്ടാവിന്റെ വിവരങ്ങളും ആന്തരിക രേഖകളായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അഭിറാം മനോഹർ
തിങ്കള്‍, 17 നവം‌ബര്‍ 2025 (11:52 IST)
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യാജ ചിത്രങ്ങള്‍, ശബ്ദങ്ങള്‍, തെറ്റായ വിവരങ്ങള്‍ എന്നിവ സൃഷ്ടിച്ച് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. പ്രചാരണത്തിന്റെ വിശ്വാസ്യതയും തെരഞ്ഞെടുപ്പ് മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, പ്രചാരണം നിര്‍വഹിക്കുന്നവര്‍ എന്നീ എല്ലാവരും ഈ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതിക വിദ്യ ദുരുപയോഗിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും, പ്രത്യേകിച്ച് ഡീപ്ഫേക്ക്, സിന്തറ്റിക് കണ്ടന്റ് പോലുള്ള ഉപകരണങ്ങള്‍ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും ഇടയുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് കമ്മീഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും കമ്മീഷണര്‍ പറഞ്ഞു.
 
ഐടി ആക്ട് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായസംഹിത 2023, മാതൃക പെരുമാറ്റച്ചട്ടം എന്നിവയിലെ എല്ലാ വ്യവസ്ഥകളും എഐ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങളിലും പ്രചാരണ സാമഗ്രികളിലും കര്‍ശനമായി പാലിക്കണം. ഡീപ്ഫേക്ക് വീഡിയോയും ഓഡിയോയും, തെറ്റായ വിവരങ്ങളും, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കവും, കുട്ടികളെയും മൃഗങ്ങളെയും ദുരുപയോഗം ചെയ്യുന്ന പ്രചാരണം എന്നിവ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട്.
 
എ.ഐ. അല്ലെങ്കില്‍ ഡിജിറ്റല്‍ മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും 'AI Generated', 'Digitally Enhanced', 'Synthetic Content' എന്നീ ലേബലുകള്‍ നിര്‍ബന്ധമായും ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീന്‍ മുകളില്‍, ചിത്രങ്ങളില്‍ കുറഞ്ഞത് 10% ഭാഗത്തും, ഓഡിയോയില്‍ ആദ്യ 10% സമയദൈര്‍ഘ്യത്തിലും ലേബലുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. കൂടാതെ ഉള്ളടക്കം സൃഷ്ടിച്ച വ്യക്തി/സ്ഥാപനത്തിന്റെ വിവരങ്ങളും മെറ്റാഡാറ്റയിലും വിവരണത്തിലും വ്യക്തമാക്കണം.
 
ഒരാളുടെ രൂപം, ശബ്ദം, സ്വത്വം എന്നിവ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റി പ്രചരിപ്പിക്കല്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. സൃഷ്ടാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. എഐ ഉപയോഗിച്ച് സൃഷ്ടിച്ച എല്ലാ പ്രചാരണ സാമഗ്രികളുടെയും നിര്‍മ്മാണ തീയതിയും സൃഷ്ടാവിന്റെ വിവരങ്ങളും ആന്തരിക രേഖകളായി സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശം നല്‍കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: തെക്കോട്ട് മഴ; ഇന്നും നാളെയും വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് ട്രിബ്യൂണൽ, അതീവ ജാഗ്രതയിൽ ധാക്ക

രേഖകൾ പരിശോധിക്കാതെ ജാമ്യമില്ല, ടി പി വധക്കേസ് പ്രതികളുടെ ജാമ്യഹർജി തള്ളി സുപ്രീം കോടതി

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ്:വോട്ടർപട്ടികയിൽ 2.86 കോടി വോട്ടർമാർ

തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

അടുത്ത ലേഖനം
Show comments