കെവിൻ വധക്കേസിൽ പത്തു പ്രതികളും കുറ്റക്കാരാണെന്ന കോട്ടയം പ്രിസിപ്പൽ സെഷൻസ് കോടതിവിധിയിൽ പ്രതികരണവുമായി കെവിന്റെ പിതാവ് ജോസഫ്. നീനുവിന്റെ പിതാവും പ്രധാന പ്രതികളിൽ ഒരാളുമായ ചാക്കോയെ വെറുതേ വിട്ടത് ശരിയായില്ലെന്ന് ജോസഫ് പ്രതികരിച്ചു.
ചാക്കോയെ വെറുതെ വിട്ടതിനെതിരെ നിയമപരമായി മുന്നോട്ടുപോകും. ചാക്കോ കുറ്റക്കാരന്‍ തന്നെയാണ്. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോടതി ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കും. ചാക്കോയ്ക്ക് ശിക്ഷയില്ലെന്ന് പറഞ്ഞാല്‍ നമുക്ക് ഏറ്റവും ബുദ്ധിമുട്ട് അതാണ്. അയാളാണ് ഈ കേസിലെ പ്രധാനി. - കെവിന്റെ അച്ഛന്‍ പറഞ്ഞു.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തി. കേസ് വിധി പറയാനായി കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള പത്ത് വകുപ്പുകൾ നിലനിൽക്കും.
ഒന്നാം പ്രതി നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ ഉൾപ്പെടെയുള്ള പത്തുപേരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഞ്ചാം പ്രതി നീനുവിന്‍റെ അച്ഛന്‍ ചാക്കോ ഉൾപ്പെടെ നാലുപേരെയാണ് സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിട്ടത്.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.