കെഎസ്ആര്‍ടിസി ബസ് ജീവനക്കാരുടെ ബുദ്ധിപരമായ നീക്കം; തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ രക്ഷപ്പെടുത്തി
കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്.
പന്തളം: മാനസിക രോഗിയായ അമ്മയുടെ കൈയില്‍ നിന്ന് തമിഴ്‌നാട് സ്വദേശിനി തട്ടിക്കൊണ്ടുപോയ മൂന്നര വയസ്സുകാരിയെ കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ രക്ഷപ്പെടുത്തി. കൊല്ലം കുന്നിക്കോട് സ്വദേശി സാഹിറയുടെ മകള്‍ സിയാനയെയാണ് തട്ടിക്കൊണ്ടുപോയത്. കോയമ്പത്തൂര്‍ സ്വദേശിനി ദേവി (45) ആണ് അറസ്റ്റിലായത്. അമ്മയോടൊപ്പം കൊല്ലം ബീച്ച് കാണാന്‍ എത്തിയ പെണ്‍കുട്ടിയെ തിങ്കളാഴ്ച വൈകുന്നേരം വീട്ടിലേക്ക് പോകുംവഴി കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കാണാതാവുകയായിരുന്നു.
തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസില്‍ അടൂരില്‍ നിന്നാണ് ദേവി കുട്ടിയുമായി കയറിയത്. ആറന്മുള എരിക്കാട് സ്വദേശിയായ കണ്ടക്ടര്‍ ബി. അനീഷ്, തൃശൂരിലേക്കുള്ള ടിക്കറ്റിനായി നല്‍കിയ 50 രൂപ തികയില്ലെന്ന് പറഞ്ഞു. സ്ത്രീയുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നിയ കണ്ടക്ടര്‍ ഡ്രൈവര്‍ സഹീറുമായി കൂടിയാലോചിച്ച് ബസ് പന്തളം പോലീസ് സ്റ്റേഷനിലെത്തിച്ച് കുട്ടിയെയും സ്ത്രീയെയും പോലീസില്‍ ഏല്‍പ്പിച്ചു.
തന്റെ വീട് കുന്നിക്കോടാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. നായ കടിച്ചതായി കുട്ടി പറഞ്ഞതിനെത്തുടര്‍ന്ന് പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വീഡിയോ കോളിലൂടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കാണിച്ചുകൊടുത്തു. കുട്ടി പോലീസിന്റെ കസ്റ്റഡിയിലാണ്. രാത്രിയോടെ കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.