കോഴിക്കോട്: തീരക്കടലിൽ നിയമ വിരുദ്ധമായി മൽസ്യബന്ധനം നടത്തിയ ബോട്ടിനു രണ്ടര ലക്ഷം രൂപാ പിഴ ചുമത്തി. ബേപ്പൂർ കരയങ്ങാട്ട് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള അഹദ് എന്ന ബോട്ടാണ് ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് പിടികൂടിയതും ഇതിലുള്ള മത്സ്യങ്ങൾ പതിനായിരം രൂപയ്ക്ക് ലേലം ചെയ്ത ശേഷം രണ്ടര ലക്ഷം രൂപാ പിഴ ചുമത്തുകയും ചെയ്തത്.
ഇൻസ്‌പെക്ടർ പി.ഷണ്മുഖന്റെ നേതൃത്വത്തിൽ രാത്രി നടത്തിയ കടൽ പട്രോലിംഗിലാണ് യന്ത്രവൽകൃത ബോട്ട് പിടികൂടിയത്. രാത്രികാല മൽസ്യബന്ധനം, കരവലി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബോട്ടിനെതിരെ സമുദ്ര മൽസ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി എടുത്തത്.
കടലുണ്ടിക്ക് പടിഞ്ഞാറുഭാഗത്തുള്ള തീരക്കടലിലായിരുന്നു ബോട്ട് മത്സ്യബന്ധനം നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധന നടത്തുമെന്നും നിയമ വിരുദ്ധ മത്സ്യ ബന്ധനത്തിനെതിരെ കർശന നടപടി എടുക്കുമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി.സുനീർ അറിയിച്ചു.