ശബരിനാഥന്‍ കവടിയാറില്‍ മത്സരിക്കും; ലക്ഷ്യം കോര്‍പറേഷന്‍ ഭരണം
കവടിയാറില്‍ മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥന്‍ മത്സരിക്കും
തിരുവനന്തപുരം കോര്‍പറേഷനില്‍ ശക്തമായി തിരിച്ചുവരാന്‍ കോണ്‍ഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിനുള്ള 48 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
കവടിയാറില്‍ മുന്‍ എംഎല്‍എ കെ.എസ്.ശബരിനാഥന്‍ മത്സരിക്കും. കെ.മുരളീധരന്‍ ആണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെന്ന് ശബരിനാഥനും പറഞ്ഞു. 'പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം സംഘടനപ്രവര്‍ത്തനത്തിന്റെയും പാര്‍ലിമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ പാര്‍ട്ടി എന്നെ ഒരു പുതിയ ദൗത്യം ഏല്‍പ്പിക്കുകയാണ്. തിരുവനന്തപുരം കോര്‍പറേഷനിലെ കവടിയാര്‍ വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഞാന്‍ മത്സരിക്കുമ്പോള്‍ ഇപ്പോഴും എന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തിനോടുമുള്ള അടങ്ങാത്ത സ്‌നേഹവും അതിനോടൊപ്പം കോണ്‍ഗ്രസ് ആദര്‍ശങ്ങളിലെ വിശ്വാസവുമാണ്,' ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കോര്‍പറേഷനില്‍ ഭരണം ലഭിച്ചാല്‍ ശബരിനാഥിനെ മേയര്‍ ആക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാല്‍ നിലവില്‍ വെറും പത്ത് സീറ്റ് മാത്രമായി സിപിഎമ്മിനും ബിജെപിക്കും താഴെയാണ് കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം.
കോണ്‍ഗ്രസ് സീനിയര്‍ അംഗം ജോണ്‍സണ്‍ ജോസഫ് ഉള്ളൂരിലും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മുട്ടട വാര്‍ഡിലും മത്സരിക്കും. നിലവിലെ കൗണ്‍സിലറായ ത്രേസ്യാമ്മ ജോസഫ് നാലാഞ്ചിറയിലും മത്സരിക്കും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നീതു വിജയന്‍ വഴുതക്കാട് വാര്‍ഡില്‍ മത്സരിക്കും.