Publish Date: Mon, 26 Nov 2018 (13:04 IST)
Updated Date: Mon, 26 Nov 2018 (13:08 IST)
തലയോലപ്പറമ്പ്: കെ എസ് ആർ ടി സി ബസിൽ ടിക്കറ്റ് പരിശോധനക്കിടെ യാത്രക്കാരൻ ചെക്കിംഗ് ഇൻസ്‌പെക്ട്രുടെ കയ്യിൽ കടിച്ചു. മുത്തോലപുരത്ത് കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്. രാജു ജോസഫ് എന്ന ടിക്കറ്റ് ചെക്കർക്കാണ് യാത്രക്കാരനിൽനിന്നും കടിയേറ്റത്.
ബസിൽ ടിക്കറ്റ് പരിശോധനക്കായി കയറിയ രാജു ജോസഫ് യാത്രക്കാരനൊട് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ടിക്കറ്റ് നൽകാതെ യാത്രക്കാരൻ തട്ടിക്കയറുകയും രാജു ജോസഫിന്റെ ഐ ഡി കാർഡ് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പോക്കറ്റിൽ നിന്നും ഐ ഡി കാർഡ് എടുക്കാൻ തുനിയവെ യാത്രക്കാരൻ കയ്യിൽ കടിക്കുകയായിരുന്നു എന്ന് രാജു ജോസഫ് പറയുന്നു.
മറ്റു യാത്രക്കാർ ഇയാളെ പിടികൂടാൻ ശ്രമിക്കവെ തൊട്ടടുത്ത് സ്റ്റോപ്പിൽ വണ്ടി നിന്നപ്പോൾ ഇയൾ ചാടിയിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. രാജു ജോസഫ് തലയോലപ്പറമ്പിലെ ആശുപത്രിയിൽ ചികിത്സതേടി.