ബൈക്ക് യാത്രികനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മുങ്ങി
ഇത് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിന് കാരണമായി.
തുറവൂര്‍ (ആലപ്പുഴ): ബൈക്ക് യാത്രികനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്, നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസിലെ ഡ്രൈവറും കണ്ടക്ടറും നടുറോഡില്‍ ബസ് നിര്‍ത്തി സ്ഥലം വിട്ടു. ഇത് ദേശീയപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതക്കുരുക്കിന് കാരണമായി. ഒടുവില്‍ പോലീസ് എത്തി സ്വകാര്യ ബസ് ഡ്രൈവറുടെ സഹായത്തോടെ കെഎസ്ആര്‍ടിസി ബസ് റോഡരികിലേക്ക് മാറ്റി. അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കുന്ന ദേശീയപാതയില്‍ രാവിലെ 9:30 ഓടെയാണ് സംഭവം. കൊല്ലം ഡിപ്പോ ഡ്രൈവര്‍ ഡി. ബിജുവിനെതിരെ അരൂര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഡ്രൈവറുടെയും കണ്ടക്ടറുടെയും ഭാഗത്തുനിന്ന് പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ എടിഒ കെഎസ്ആര്‍ടിസി എംഡിക്ക് റിപ്പോര്‍ട്ട് നല്‍കി.
കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ് അരൂരിലെ അബാദ് കോള്‍ഡ് സ്റ്റോറേജില്‍ എത്തിയപ്പോള്‍ ഒരു ബൈക്കില്‍ ഇടിച്ചു. ബൈക്ക് യാത്രികനായ ചന്തിരൂര്‍ സ്വദേശി സനൂപ് (33) റോഡില്‍ വീണു നിസ്സാര പരിക്കേറ്റു. നിര്‍ത്താതെ പോയ ബസിനെ സനൂപ് പിന്തുടരുകയും അരൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപം നിര്‍ത്തുകയും ചെയ്തു. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു.സനൂപ് തങ്ങളെ ആക്രമിച്ചുവെന്ന് ആരോപിച്ച് ഡ്രൈവറും കണ്ടക്ടറും റോഡിന്റെ മധ്യത്തില്‍ ബസ് നിര്‍ത്തി ഒരു ഓട്ടോയില്‍ കയറി പോലീസ് സ്റ്റേഷനിലേക്ക് പോയി.
അന്വേഷണത്തില്‍, സനൂപ് തങ്ങളെ ആക്രമിച്ചുവെന്ന ഡ്രൈവറുടെയും കണ്ടക്ടറുടെയും പരാതി അടിസ്ഥാനരഹിതമാണെന്ന് പോലീസ് കണ്ടെത്തി. സനൂപ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡ്രൈവര്‍ക്കെതിരെ പോലീസിനും ഗതാഗത മന്ത്രിക്കും സനൂപ് പരാതി നല്‍കി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.