കാറിലേക്ക് ഇടിച്ചുകയറി ബൈക്ക്, നിർത്താതെ പോയി മണിയൻപിള്ള രാജു; ദൃശ്യങ്ങൾ പുറത്ത്
കേസിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി
Publish Date: Fri, 06 Feb 2026 (12:26 IST)
Updated Date: Fri, 06 Feb 2026 (12:37 IST)
മണിയൻപിള്ള രാജുവിന്റ കാർ അപകടത്തിൽ പെടുന്ന ദൃശ്യങ്ങൾ പുറത്ത്. ട്രിവാൻഡ്രം ക്ലബിനു മുൻവശത്തെ ഇടറോഡിൽ നിന്ന് പ്രധാന പാതയിലേക്ക് മണിയൻപിള്ള രാജുവിന്റെ കാർ വന്നിറങ്ങുന്നതും അമിത വേഗതയിലെത്തിയ ബൈക്ക് കാറിൽ ഇടിച്ചു തെറിച്ചുവീഴുന്നതും ദൃശ്യത്തിൽ കാണാം. രണ്ടു യുവാക്കളാണ് റോഡിന്റെ നടുവിലേക്ക് തെറിച്ചു വീഴുന്നത്. ഈ സമയം ഇടിച്ചിട്ട കാർ നിർത്താതെ പോകുന്നതും ദൃശ്യത്തിലുണ്ട്.
അതേസമയം കേസിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. തിരുവനന്തപുരം മ്യൂസിയം പൊലീസ് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളോടെയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ബൈക്ക് തന്റെ കാറിലാണ് വന്നിടിച്ചതെന്നും പേടിച്ചിട്ടാണ് വണ്ടി നിർത്താതിരുന്നതെന്നും മണിയൻപിള്ള രാജു പറഞ്ഞു. എന്നാൽ, ഹോണ്‍ അടിച്ചാണ് വന്നതെന്നും അടുത്തെത്തിയപ്പോള്‍ കാറിടിക്കുകയായിരുന്നുവെന്നും അപകടത്തില്‍ പരിക്കേറ്റ യുവാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു ട്രിവാൻഡ്രം ക്ലബിനു മുൻവശം അപകടമുണ്ടായത്. അപകടത്തിൽ നിവേദിത് കൃഷ്ണ,സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിന് ശേഷം മണിയൻപിള്ള രാജുവിന്റെ വാഹനം നിർത്താതെ പോയെന്നാണ് പരാതി.
റോഡിലേക്ക് തെറിച്ചുവീണ യുവാക്കളുടെ കാലിനും കഴുത്തിനുമടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.