പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി ദക്ഷിണമേഖലാ എഡിജിപി മനോജ് ഏബ്രഹാം.
സെൻട്രൽ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രിയുടെ വേദിക്കരികിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് അബന്ധത്തില്‍ വെടി പൊട്ടിയതല്ല. പ്രധാനമന്ത്രി എത്തുന്നതിനു മൂന്നു മണിക്കൂർ മുമ്പാണ് തോക്ക് പരിശോധിച്ചത്. വിവിഐപി ഡ്യൂട്ടിക്കു നിയോഗിക്കുന്ന പൊലീസുകാരുടെ കൈവശമുള്ള തോക്ക് പരിശോധിക്കുന്നത് സ്വാഭാവികമാണ്.
തോക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്‌റ്റേഡിയത്തിന് സമീപത്തുള്ള ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടില്‍ വെച്ച് തറയിലേക്ക് വെടിയുതിര്‍ത്ത് പിസ്‌റ്റള്‍ പരിശോധിക്കുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം പറഞ്ഞു.
പിസ്‌റ്റളിന്റെ കാഞ്ചിയുടെ തകരാറാണ് പരിശോധിക്കാന്‍ കാരണമായത്. ഇതിനു ശേഷം ഉദ്യോഗസ്ഥനു മറ്റൊരു തോക്ക് പകരം നൽകി. ഡ്യൂട്ടി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വെടിയുതിര്‍ത്ത് തോക്ക് പരിശോധന നടത്തിയതില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.