സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍
കണ്ണൂര്‍ ചക്കരക്കല്ലിലുള്ള മിഥിലാജാണ് ഭാര്യാപിതാവിന്റെ കൃത്യമായ ഇടപെടലില്‍ വലിയ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടത്.
MDMA in Pickle bottle kerala drug bust
ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസി കൊടുത്ത അച്ചാര്‍ കുപ്പിയില്‍ നിന്നും കണ്ടെത്തിയത് എംഡിഎംഎ ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍. കണ്ണൂര്‍ ചക്കരക്കല്ലിലുള്ള മിഥിലാജാണ് ഭാര്യാപിതാവിന്റെ കൃത്യമായ ഇടപെടലില്‍ വലിയ കുരുക്കില്‍ നിന്നും രക്ഷപ്പെട്ടത്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യാനിരുന്ന മിഥിലാജിന്റെ കയ്യിലാണ് അയല്‍വാസി ഗള്‍ഫിലെ മറ്റൊരാള്‍ക്ക് നല്‍കാനായി അച്ചാർ കൈമാറിയത്. എന്നാല്‍ സംശയം തോന്നിയ ഭാര്യാ പിതാവ് പരിശോധിച്ചപ്പോഴാണ് അച്ചാര്‍ കുപ്പിയില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎയും 3.04 ഗ്രാം ഹാഷിഷ് ഓയിലും അച്ചാറിനൊപ്പം കുപ്പിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കുളം ബസാറിലെ പി ജിസിന്‍(21), കെ പി അര്‍ഷദ്(34), ചക്കരക്കല്ലിലെ കെ കെ ശ്രീലാല്‍(24) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് അയല്‍വാസിയായ ജിസിന്‍ മിഥിലാജിന്റെ ഭാര്യവീട്ടിലെത്തി പാഴ്‌സല്‍ നല്‍കിയത്. മിഥിലാജിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വഹീമിന് നല്‍കാനുള്ളതായിരുന്നു പാഴ്‌സല്‍. മിഥിലാജിന്റെ ഭാര്യപിതാവ് വി കെ അമീര്‍ പൊതി പരിശോധിച്ചപ്പോള്‍ അച്ചാര്‍ കുപ്പിയുടെ ലേബല്‍ പൊളിഞ്ഞ നിലയിലായിരുന്നു. അച്ചാര്‍ മറ്റൊരു കുപ്പിയിലൊഴിച്ചപ്പോള്‍ ചെറിയ പ്ലാസ്റ്റിക് കവറും അതില്‍ വെള്ളനിറമുള്ള വസ്തുവും പച്ചമൂടിയുള്ള ചെറിയ കുപ്പിയും ഉണ്ടായിരുന്നു. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
ചക്കരക്കല്ല് ഇന്‍സ്‌പെക്ടര്‍ എന്‍ പി ഷാജിയും സംഘവും നടത്തിയ പരിശോധനയിലാണ് കവറിലെ മയക്കുമരുന്ന് കണ്ടെത്തിയത്. 3 മാസം മുന്‍പ് ഗള്‍ഫില്‍ നിന്നെത്തിയ മിഥിലാജ് വെള്ളിയാഴ്ച മടങ്ങാനിരിക്കുകയായിരുന്നു.കൂടെ ജോലിചെയ്യുന്ന വഹീം 2 ദിവസങ്ങള്‍ക്ക് മുന്‍പാണ് വിളിച്ച് ബേക്കറി സാധനങ്ങള്‍ അടങ്ങിയ പാഴ്‌സല്‍ സുഹൃത്ത് ശ്രീലാല്‍ ജിസിന്റെ കയ്യില്‍ കൊടുത്തിട്ടുണ്ടെന്നും വരുമ്പോള്‍ എടുക്കണമെന്നും അറിയിച്ചതെന്ന് മിഥിലാജ് പോലീസിനോട് പറഞ്ഞു.