കൊച്ചി സമുദ്രാതിർത്തിയിൽ നിന്നും 25000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിൽ പാക് ബോട്ട് ലക്ഷ്യം വെച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമായിരുന്നുവെന്ന് കണ്ടെത്തൽ. നാവികസേന പിന്തുടർന്നതോടെ അന്താരാഷ്ട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴിമാറ്റുകയായിരുന്നുവെന്നാണ് വിവരം. മുക്കിയ കപ്പലിൽ 4 ടൺ മയക്കുമരുന്ന് ഉണ്ടായതായി കണക്കാക്കുന്നു. ഇത് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന് പരിശോധിച്ചുവരികയാണ്. ഹാജി സലീം നെറ്റ്വർക്കാണ് ഇതിന് പിന്നിലെന്ന് എൻസിബി പറയുന്നു.
കേസിൽ റിമാൻഡിലായ പാക് പൗരനായ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻസിബി ഇന്ന് അപേക്ഷ കൈമാറും. ഇന്നലെ മട്ടാഞ്ചേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്ത് കേസിൽ തീവ്രവാദബന്ധം കണ്ടെത്താൻ എൻഐഎയും അന്വേഷണത്തിൽ ഭാഗമാകും.