Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകും, ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ

ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നൽകും, ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകൾ സന്ദർശിച്ച് മന്ത്രി കെ രാധാകൃഷ്‌ണൻ

അനിൽ ജോൺ

, ഞായര്‍, 16 ജനുവരി 2022 (13:54 IST)
ശബരിമലയിൽ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ മന്ത്രി കെ രാധാകൃഷ്ണൻ അയ്യപ്പൻറെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ യേയും, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യരേയും കൂട്ടിയാണ് മന്ത്രി ശബരിമല വനമേഖലയിലെ ആദിവാസി കോളനികൾ സന്ദർശിക്കാനെത്തിയത്. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതിനാണ് മന്ത്രി ആദിവാസി കോളനികൾ സന്ദർശിച്ചത്. 
 
മൂഴിയാർ പവർഹൗസിനോടു ചേർന്നുള്ള കെ എസ് ഇ ബി ക്വാർട്ടേഴ്സുകൾ സായിപ്പിൻ കുഴിയിലെ ആദിവാസി ഊരിനായി സ്ഥിരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന്  മന്ത്രി  പറഞ്ഞു. മൂഴിയാറിൽ ഒഴിഞ്ഞുകിടക്കുന്ന അനവധി കെ എസ് ഇ ബി ക്വാർട്ടേഴ്സുകൾ ഉണ്ട്. അവയിൽ നൊമാഡിക് വിഭാഗത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കും. ജനങ്ങളുടേയും സ്ഥലത്തിൻറേയും മറ്റുമുള്ള അടിസ്ഥാന വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകുവാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. ട്രൈബൽ വകുപ്പ്, കെ എസ് ഇ ബി, പഞ്ചായത്ത്, വനം വകുപ്പ് എന്നിവ സംയുക്തമായി ചേർന്നാണ് റിപ്പോർട്ട് തയാറാക്കേണ്ടത്.
 
webdunia
പ്രത്യേക റിക്രൂട്ട്മെന്റിലൂടെ ആദിവാസി വിഭാഗത്തിൽപ്പെട്ട 700 പേർക്ക് സർക്കാർ സർവ്വീസിൽ നിയമനം നല്കും. ഫോറസ്റ്റ് ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് 500 ആദിവാസി വിഭാഗത്തിൽ പെട്ടവരേയും എക്സൈസ് വകുപ്പിലേക്ക് 200 പേരേയുമാണ് ഉടൻ പ്രത്യേക റിക്രൂട്ട്മെൻറിലൂടെ നിയമിക്കുക.
 
webdunia
ആനയിറങ്ങുന്നത് തടയുന്നതിൻറെ ഭാഗമായി ഫെൻസിംഗ് നിർമിക്കും. ഊരിലെ വൈദ്യുതി എത്താത്ത സ്ഥലങ്ങളിൽ വൈദ്യുതിയും ലഭ്യമാക്കും. ആദിവാസി ഊരുകളിൽ ഫോറസ്റ്റ്, പോലീസ്, എക്സൈസ് എന്നീ വകുപ്പുകൾ ഗുണപരമായ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു. ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ അവരുടെ ഉത്തരവാദിത്വം കൃത്യമായി നിറവേറ്റണം.
 
ഗർഭിണികളും കുട്ടികളുമുൾപ്പടെയുള്ളവരുടെ ആരോഗ്യ പരിശോധന കൃത്യമായി നടത്തണമെന്നും, പോഷകാഹാര കുറവ് ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദ്ദേശം നല്കി.
 
സ്വന്തമായി ഭൂമിയില്ലാത്തവർക്ക് ഭൂമിയും വീടില്ലാത്തവർക്ക് വീടും നൽകുവാനും കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുവാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇത്തരം പ്രയോജനങ്ങൾ ഇവർ സ്ഥിരമായി ഒരു സ്ഥലത്ത് കഴിയാത്തതിനാൽ ലഭിച്ചിരുന്നില്ല.  ഇവരെ സ്ഥിരമായി ഒരു സ്ഥലത്ത് താമസിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.
 
webdunia
ആദിവാസി ഊരുകളിലെ വീടുകളിലെത്തി അവരുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രിയും സംഘവും അവർക്കൊപ്പം ആഹാരവും കഴിച്ച ശേഷമാണ് മടങ്ങിയത്.
 
അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത് അംഗം ലേഖ സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി എസ് സുജ, സീതത്തോട് പഞ്ചായത്ത് പ്രസിഡൻറ് ജോബി ടി ഈശോ, ജില്ലാ ട്രൈബൽ ഓഫീസർ സുധീർ, രാഷ്ട്രീയ കക്ഷി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറ്റുകാൽ പൊങ്കാല ഉത്സവ ഉദ്ഘാടനത്തിന് മോഹൻലാൽ