കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരോട് സഹയാത്രികരെ പറ്റി അനാവശ്യചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കൂടെയുള്ളത് സഹോദരിയാണോ, കാമുകിയാണോ,ഭാര്യയാണോ എന്ന് ചോദിക്കുന്ന കണ്ടക്ടര്‍മാരുടെ നടപടികള്‍ തെറ്റാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രാജ്യത്ത് ഒരു സ്ത്രീക്കും പുരുഷനും ഒരുമിച്ച് യാത്ര ചെയ്യാന്‍ ആരുടെയും അനുവാദം വേണ്ടെന്നും അതിനാല്‍ അത്തരം ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
യാത്രക്കാര്‍ വണ്ടിയില്‍ കയറേണ്ടത് കെഎസ്ആര്‍ടിസിയുടെ ആവശ്യമാണ്. കെഎസ്ആര്‍ടിസി സേവനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ ഉപദേശിച്ചുകൊണ്ടും യാത്രക്കാരുടെ പരാതി പങ്കുവെച്ചുകൊണ്ടുമുള്ള മന്ത്രിയുടെ റീല്‍ പരമ്പരയിലാണ് ഗണേഷ് കുമാര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. മദ്യപിക്കുന്നത് കുറ്റകരമാണെന്ന് പറയുന്നില്ല. പക്ഷേ ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ മദ്യപിക്കരുത്. എട്ടുമണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് സൂപ്പര്‍ ഫാസ്റ്റും അതിന് താഴോട്ടുള്ള വണ്ടികളും അവര്‍ പറയുന്ന ഇടത്ത് നിര്‍ത്തികൊടുക്കണം. അങ്ങനെ നിര്‍ത്തിയതിന്റെ പേരില്‍ ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്‍ നടപടിയെടുത്താല്‍ അവര്‍ക്കെതിരെ താന്‍ നടപടിയെടുക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.