പോക്‌സോ കേസ്: വ്‌ളോഗര്‍ മുകേഷ് എം നായര്‍ക്കെതിരെ തെളിവില്ലെന്ന് പൊലീസ്
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറ്റംമാത്രം നിലനിര്‍ത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്
വ്‌ളോഗര്‍ മുകേഷ് എം. നായര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചതിനു തെളിവില്ലെന്നു പൊലീസ് റിപ്പോര്‍ട്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറ്റംമാത്രം നിലനിര്‍ത്തിയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ പറയാത്ത കാര്യം പിന്നീട് മൊഴിയില്‍ പറഞ്ഞത് സംശയകരമാണെന്നും ചിത്രീകരണ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അസ്വാഭാവികതയൊന്നും കണ്ടെത്താനായില്ലെന്നും അന്വേഷണസംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയാക്കി ചിത്രമെടുക്കുകയും അത് നവമാധ്യമങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് കഴിഞ്ഞ ഏപ്രിലില്‍ മുകേഷ് എം നായര്‍ക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ കോവളം പൊലീസാണ് മുകേഷ് നായര്‍ക്കെതിരെ കേസെടുത്തത്.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ചാണ് റീല്‍സ് ചിത്രീകരണം നടന്നതെന്ന് പരാതിയില്‍ പറയുന്നു. മുകേഷ് നായര്‍ ഈ റീല്‍സില്‍ അഭിനയിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇവിടേക്ക് എത്തിക്കുകയും കുട്ടിയുടെ സമ്മതമില്ലാതെ അര്‍ധനഗ്‌ന ഫോട്ടോ എടുക്കുകയും അത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതിയില്‍. ഇതുവഴി കുട്ടിക്ക് മാനസികമായ പ്രശ്നങ്ങളുണ്ടായി. ചിത്രീകരണ സമയത്ത് കുട്ടിയുടെ ശരീരത്തില്‍ അനുവാദമില്ലാതെ സ്പര്‍ശിച്ചെന്നും പരാതിയിലുണ്ട്.