കോഴിയെ പുറത്തെടുക്കാനുള്ള ശ്രമം; കൊലക്കേസ് പ്രതി കിണറ്റിൽ വീണു മരിച്ചു
കൊലക്കേസ് പ്രതി കിണറ്റിൽ വീണു മരിച്ചു
ഉദുമ: കോഴിയെ പുറത്തെടുക്കാനുള്ള ശ്രമത്തിൽ കൊലക്കേസ് പ്രതിയായ പ്രജിത്ത് (കുട്ടാപ്പി 28) കിണറ്റിൽ വീണു മരിച്ചു. സിപിഎം പ്രവർത്തകൻ മാങ്ങാട്ടെ എം.ബി. ബാലകൃഷ്‌ണനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് പ്രജിത്ത്.
മാങ്ങാട്ടെ വീടിനടുത്തെ കിണറ്റിൽ വീണ കോഴിയെ പുറത്തെടുത്ത് മുകളിലെത്തിയപ്പോൾ അബദ്ധത്തിൽ പിടിവിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്‌സെത്തുകയും പ്രജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തിരുന്നു. ശേഷം ഗുരുതരമായതിനാൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
വീഴ്‌ചയിൽ പ്രജിത്തിന്റെ തലയ്‌ക്കും നടുവിനും കാര്യമായ പരിക്കേറ്റിരുന്നു. ശ്വാസംമുട്ടലിന്റെ അസുഖമുള്ളതിനാലാണ് പ്രജിത്ത് പിടിവിട്ട് വീണതെന്നാണ് കരുതുന്നത്. ബേക്കൽ പൊലീസ് കേസെടുത്തു.