Publish Date: Sun, 09 Apr 2023 (15:56 IST)
Updated Date: Sun, 09 Apr 2023 (15:58 IST)
പാലക്കാട്: അറുപത്തിരണ്ടുകാരനായ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു. അകത്തേത്തറ മേലേപ്പുറം കുട്ടപ്പുരയിൽ പ്രഭാകരൻ (62) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവമാണ് കൊലപാതകമെന്ന് പോലീസ് തിരിച്ചറിഞ്ഞത്. മൃതദേഹത്തിൽ പരിക്കുകളും ആന്തരിക അവയവങ്ങൾക്ക് ക്ഷതങ്ങളും വാരിയെല്ല് പൊട്ടിയതായും കണ്ടെത്തിയിട്ടുണ്ട്.
ഹേമാംബിക നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് കൊലപാതക സൂചന ഉണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്ന പ്രഭാകരനെ രണ്ടു ദിവസമായി പുറത്ത് കാണാനില്ലായിരുന്നു. പിന്നീട് സഹോദരൻ എത്തി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. റിട്ടയേഡ് റയിൽവേ ജീവനക്കാരനാണ് മരിച്ച പ്രഭാകരൻ.