ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തിരുന്നു. സമാന കേസിൽ രണ്ട് വർഷങ്ങൾക്ക് മുന്നേ പോലീസ് സവാദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ വീണ്ടും ഇതേ കേസിൽ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് നന്ദിത മസ്താനി. KSRTC ബസിലെ സവാദിന്റെ അതിക്രമത്തിൽ സവാദിനെതിരെ ആദ്യം പരാതി നൽകിയത് നന്ദിതയായിരുന്നു.
ആദ്യം വേണ്ട രീതിയിൽ നടപടി എടുക്കണ്ടി ഇരുന്നു. എങ്കിൽ മറ്റൊരു പെൺകുട്ടിയും ഇര ആകില്ലായിരുന്നു. കഴിഞ്ഞ 2 വർഷമായി താൻ സൈബർ അതിക്രമം നേരിടുന്നു. ആദ്യം മെൻസ് അസോസിയേഷൻ പൂമാല നൽകി, ഇനി പാലഭിഷേകം നൽകും. തനിക്ക് ഇതുവരെയും നീതി കിട്ടിയിട്ട് ഇല്ലെന്നും നന്ദിത 24നോട് പറഞ്ഞു. ഒടുവിൽ നീതി, അതും രണ്ട് വർഷത്തെ ഇരയാക്കപ്പെടലിനും സ്വഭാവഹത്യയ്ക്കും ശേഷം–നന്ദിത പങ്കുവച്ച സ്റ്റോറിയിലെ ഒരു വാചകം ഇങ്ങനെയായിരുന്നു.
ഈ കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആർടിസി ബസ്സിൽ വച്ചായിരുന്നു സവാദ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ബസ് തൃശ്ശൂർ എത്തിയതോടെ യുവതി ഇതുസംബന്ധിച്ച് പരാതി നൽകുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ അറസ്റ്റ്.
2023 ലായിരുന്നു ഇയാൾക്കെതിരെ നന്ദിത പരാതി നൽകിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. നടിക്കു നേരെ വലിയ വിമർശനങ്ങളും സൈബർ ആക്രമണവും വരെ ഉണ്ടായി. നന്ദിതയുടേത് വ്യാജ പരാതിയാണെന്നും സവാദിനെ മനഃപൂർവം കുടുക്കാനുള്ള ഹണി ട്രാപ്പ് ആണെന്നുമായിരുന്നു വിമർശനം.