NimishaPriya: നിമിഷപ്രിയയുടെ മോചനം; കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പോ? സംശയമുയർത്തി കേന്ദ്രം
കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രത്തിന് സംശയമുണ്ട്.
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി നടത്തിവരുന്ന കോടികളുടെ പണപ്പിരിവ് വൻ തട്ടിപ്പെന്ന സംശയത്തിൽ കേന്ദ്രം. നിമിഷ പ്രിയക്ക് വേണ്ടി കുടുംബവുമായി ചർച്ച ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തുവരുന്ന കെ എ പോൾ, ജേക്കബ് ചെറുവള്ളി, സാമുവൽ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിൽ കേന്ദ്രത്തിന് സംശയമുണ്ട്.
സമൂഹമാധ്യമങ്ങൾ വഴി കോടികളുടെ പണപ്പിരിവിനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം പണപ്പിരിവ് തട്ടിപ്പാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചന നീക്കം തന്നെ പ്രതിസന്ധിയിലാകുന്ന സാഹചര്യമാണ് തുടരുന്നതെന്നാണ് വിവരം. കേന്ദ്ര സർക്കാരിന് മാത്രമെ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്ന് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഉൾപ്പടെയുള്ളവർ വ്യക്തമാക്കി.
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയതിന് ശേഷം തുടർ നടപടികളിൽ അനിശ്ചിതത്വം തുടരുകയാണ്. ദിയാധനം സംബന്ധിച്ച് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീർപ്പിൽ എത്തിയിട്ടില്ല. ഇതിനിടെയാണ് ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോൾ വിഷയത്തിലേക്ക് കടന്നുവന്നത്. നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ കെ എ പോൾ വ്യാജപണപ്പിരിവ് നടത്തുന്നതായി നിമിഷപ്രിയ ആക്ഷൻ കൗൺസിൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ആക്ഷൻ കൗൺസിൽ പരാതി നൽകുകയും ചെയ്തിരുന്നു.