യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തി സമസ്ത കേരള ജംഇയതുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായ എ പി അബൂബക്കര്‍ മുസലിയാര്‍. യമനിലെ മതപുരോഹിതനുമായി കാന്തപുരം ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. യമനിലെ സുന്നി പണ്ഡിതനായ സൈഇദ് ഉമര്‍ ഹഫീസ് വഴി മരണപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച തുടരാനുള്ള അവസരമാണ് കാന്തപുരം ഒരുക്കിയിരിക്കുന്നത്. കൊല്ലപ്പെട്ട യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ സഹോദരനുമായി കാന്തപുരം സംസാരിച്ചു.
അതേസമയം ജൂലൈ 16ന് യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ (38) മോചിപ്പിക്കാനായി നയതത്രമാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിശോധിക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുക. നിമിഷപ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കത്തയച്ചിട്ടുണ്ട്. സമാന ആവശ്യം ഉന്നയിച്ച് കെ സി വേണുഗോപാല്‍ എം പിയും കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.