'അങ്ങനെ കരുതാന്‍ സൗകര്യമില്ല'; യൂത്ത് കോണ്‍ഗ്രസ് ഗ്രൂപ്പില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശം ലീക്കായി
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ തള്ളിക്കൊണ്ട് രാഹുല്‍ അയച്ച സന്ദേശമാണ് ഗ്രൂപ്പില്‍ നിന്ന് ലീക്കായത്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ അതൃപ്തി. സംഘടന നേതാക്കളും അംഗങ്ങളും മാത്രമുള്ള ഗ്രൂപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച ശബ്ദസന്ദേശം ലീക്കായി.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെ തള്ളിക്കൊണ്ട് രാഹുല്‍ അയച്ച സന്ദേശമാണ് ഗ്രൂപ്പില്‍ നിന്ന് ലീക്കായത്. പി.ജെ.കുര്യന്റെ പരാമര്‍ശം സദുദ്ദേശ്യപരമെന്ന് കരുതാന്‍ കഴിയില്ലെന്ന് രാഹുല്‍ ഈ സന്ദേശത്തില്‍ പറയുന്നുണ്ട്.
' സദുദ്ദേശ്യപരമായൊക്കെ എടുക്കാമായിരുന്നു. നമ്മുടെ ഒരു മീറ്റിങ്ങില്‍ വന്ന് പോസിറ്റീവായാണ് പറയുന്നതെങ്കില്‍ സദുദ്ദേശ്യപരമായി എടുത്തേനെ. ചാനലുകള്‍ക്കു മുന്നില്‍ പറയുന്നതിനെ സദുദ്ദേശ്യപരമെന്ന് വിശ്വസിക്കാന്‍ തല്‍ക്കാലം താല്‍പര്യമോ സൗകര്യമോ ഇല്ല,' എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ശബ്ദസന്ദേശം.
ഈ സന്ദേശം മാധ്യമങ്ങള്‍ക്കു അടക്കം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ അടക്കമുള്ള ഗ്രൂപ്പില്‍ നിന്ന് ശബ്ദസന്ദേശം ചോര്‍ന്നതാണ് സംഘടനയ്ക്കുള്ളില്‍ രാഹുലിനോടു അതൃപ്തിയുള്ളവരുണ്ടെന്ന വാര്‍ത്തകള്‍ക്കു ബലംപകരുന്നത്. അതേസമയം രാഹുല്‍ ഈ വിഷയത്തില്‍ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.