പാലക്കാട്: 21.65 ലക്ഷത്തിന്റെ ഓൺലൈൻ തട്ടിപ്പ് നടത്തിയ നൈജീരിയക്കാരൻ പാലക്കാട് സൈബർ ക്രൈം പോലീസിന്റെ പിടിയിലായി. കൂറ്റനാട് സ്വദേശിനിയുടെ 21.65 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. നൈജീരിയക്കാരനായ റമൈൻഡ് ഉനിയയെ സൗത്ത് ഡൽഹിയിൽ നിന്നാണ് പിടികൂടിയത്.
കേസിനാസ്പദമായ സംഭവം നടന്നത് 2021 നവംബറിലാണ്. ഫേസ് ബുക്ക് വഴി പരിചയപ്പെട്ട യുവതിയിൽ നിന്ന് പലപ്പോഴായിട്ടാണ് ഇയാൾ ഇത്രയധികം തുക തട്ടിയെടുത്തത്. അമേരിക്കയിൽ ഉന്നത ജോലിയാണ് തനിക്കെന്നായിരുന്നു പരിചയപ്പെട്ടപ്പോൾ ഇയാൾ യുവതിയെ ധരിപ്പിച്ചത്. ഇടയ്ക്കൊരു ദിവസം ഇയാൾ ഡൽഹിയിൽ എത്തിയെന്നും കൊണ്ടുവന്ന രണ്ടര ലക്ഷം യു.എസ്.ഡോളർ വിമാനത്താവളത്തിൽ വച്ച് കസ്റ്റംസ് പിടികൂടിയെന്നും യുവതിയെ അറിയിച്ചു. ഈ തുക വിട്ടുകിട്ടാനായി പിഴ, നികുതി, ജി.എസ്.ടി തുടങ്ങിയ പല കാരണങ്ങൾ പറഞ്ഞാണ് ഇയാൾ യുവതിയിൽ നിന്ന് പണം വാങ്ങിയത്.
പണം തിരികെ കിട്ടാതെ വന്നപ്പോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. ഇയാൾ 2014 മുതൽ ഇന്ത്യയിൽ ഉണ്ടെന്നു പോലീസ് കണ്ടെത്തി. ഇയാളുടെ പ്രധാന ജോലി വെബ്സൈറ് ഡൊമൈൻ വാങ്ങുന്നതിനു സഹായിക്കുക എന്നതായിരുന്നു എന്നാണു പോലീസ് പറയുന്നത്.