'തിരഞ്ഞെടുപ്പിനു ശേഷം ചിലത് പറയാനുണ്ട്'; ഇടഞ്ഞ് മുരളീധരന്‍, പാലക്കാട് 'കൈ' പൊള്ളുമോ?
കെ.മുരളീധരനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസിയിലെ മുതിര്‍ന്ന നേതാക്കളാണ് എഐസിസിക്ക് കത്തയച്ചത്
കെ.മുരളീധരന്റെ നിലപാട് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാനാണ് മുരളീധരന്റെ തീരുമാനം. മുരളീധരനെ പിന്തുണയ്ക്കുന്ന പാലക്കാട് ഡിസിസിയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സമാന നിലപാടിലാണ്. മുരളീധരനു സീറ്റ് നല്‍കാത്തതില്‍ ഡിസിസിക്കുള്ളില്‍ മുറുമുറുപ്പ് ഉണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി പ്രചാരണത്തിനു ഇറങ്ങില്ലെന്ന നിലപാടിലാണ് മുരളീധരനെ പിന്തുണയ്ക്കുന്നവര്‍.
കെ.മുരളീധരനെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസിയിലെ മുതിര്‍ന്ന നേതാക്കളാണ് എഐസിസിക്ക് കത്തയച്ചത്. ഡിസിസിയുടെ താല്‍പര്യം പരിഗണിക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പാലക്കാട് മുന്‍ എംഎല്‍എ ഷാഫി പറമ്പിലും ചേര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ സ്ഥാനാര്‍ഥിയാകണമെന്ന് തീരുമാനിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് മുരളി തന്നെ സ്ഥാനാര്‍ഥിയാകണമെന്ന നിലപാടായിരുന്നു. എന്നാല്‍ കെപിസിസി അധ്യക്ഷനെ കൂടി പരിഗണിക്കാതെയാണ് പ്രതിപക്ഷ നേതാവും ഷാഫി പറമ്പിലും ചേര്‍ന്ന് രാഹുലിനെ കെട്ടിയിറക്കിയതെന്നാണ് ഡിസിസിയിലെ മുതിര്‍ന്ന നേതാക്കളുടെ ആരോപണം.
ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഡിസിസി നേതൃത്വം തന്റെ പേര് നിര്‍ദേശിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നാണ് മുരളീധരന്‍ പറയുന്നത്. ചില കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും ഉപതിരഞ്ഞെടുപ്പിനു ശേഷം അക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും മുരളീധരന്‍ കെപിസിസി നേതൃത്വത്തിനു പരോക്ഷമായ ഭീഷണി ഉയര്‍ത്തുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പ്രാചരണത്തിനു ഇറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് മുരളീധരന്‍. മുരളീധരനു പാലക്കാട് സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളും വെളിപ്പെടുത്തുന്നത്. നിയമസഭയില്‍ ഭീഷണിയാകുമെന്ന് പേടിച്ചാണ് മുരളീധരനെ സതീശന്‍ തഴഞ്ഞതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.