കോതമംഗലത്ത് ടിടിഐ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ആണ്‍സുഹൃത്തിന്റെ മാതാപിതാക്കള്‍ക്കായുള്ള അന്വേഷണം ശക്തമാക്കി പോലീസ്. ആലുവ പാനായിക്കുളം സ്വദേശിയായ റമീസ് അറസ്റ്റിലായതിന് പിന്നാലെ മാതാപിതാക്കള്‍ ഒളിവില്‍ പോയിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്താലുടന്‍ ഇവര്‍ക്ക് മുകളില്‍ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു.
റമീസിന്റെ പിതാവ് റഹീം, മാതാവ് ഷെരീഫ എന്നിവരെ കേസില്‍ രണ്ടും മൂന്നും പ്രതികളാക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിദ്യാര്‍ഥിനിയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതില്‍ റമീസിനൊപ്പം മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും പങ്കുള്ളതായി യുവതി ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. റമീസ് വീട്ടിലെത്തിച്ച് മര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തുക്കളും മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. മതം മാറാന്‍ സമ്മതിച്ചിട്ടും മാതാപിതാക്കളടക്കം ക്രൂരമായാണ് തന്നോട് പെരുമാറിയതെന്ന് കത്തിലുണ്ട്.
ആത്മഹത്യാപ്രേരണ കുറ്റത്തിന് പുറമെ യുവതി മതം മാറണമെന്ന് റമീസും വീട്ടുകാരും നിര്‍ബന്ധം പിടിച്ചത് അന്വേഷണസംഘത്തിന്റെ പരിധിയിലുണ്ട്. വിഷയത്തില്‍ എന്‍ഐഎ അന്വേഷണം വേനമെന്ന ആവശ്യവും ശക്തമാണ്.കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവര്‍ ഇന്നലെ യുവതിയുടെ വീട്ടില്‍ അമ്മയേയും സഹോദരനെയും സന്ദര്‍ശിച്ചിരുന്നു. സിപിഎം നേതാക്കളായ പി കെ ശ്രീമതി, സി എസ് സുജാത എന്നിവരും യുവതിയുടെ വീട് സന്ദര്‍ശിക്കും.