Kochi Metro: കൊച്ചി മെട്രോയുടെ മുഖം മാറുന്നു; കളമശ്ശേരി സ്റ്റേഷനില്‍ നിന്ന് ഇനി പെട്രോളും അടിക്കാം
ഡീസലിനും പെട്രോളിനും പുറമെ പമ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്
Kalamassery Metro Station
Kochi Metro: കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഐ/സി) ശങ്കര്‍.എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, സ്റ്റേറ്റ് ഹെഡ് (റീറ്റെയ്ല്‍) കേരള, ഹരി കിഷെന്‍ വി.ആര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്. 26,900 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പമ്പ് പ്രവര്‍ത്തിക്കുന്നത്. സുസ്ഥിരവും യാത്രാ സൗഹൃദവുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്ന ദൗത്യനിര്‍വ്വഹണത്തിന്റെ ഭാഗമായാണ് ഇത്തരം സൗകര്യങ്ങള്‍ കൊച്ചി മെട്രോ ഏര്‍പ്പെടുത്തുന്നത് എന്ന് മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറഞ്ഞു.
ഡീസലിനും പെട്രോളിനും പുറമെ പമ്പില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യവുമുണ്ട്. സിഎന്‍ജി, നൈട്രജന്‍ ഫില്ലിംഗിനുള്ള സൗകര്യവും ഉടനെ ഏര്‍പ്പെടുത്തും. അഞ്ച് മള്‍ട്ടി പ്രോഡക്ട് ഡിസ്പെന്‍സേഴ്സാണ് സജ്ജമാക്കിയിരിക്കുന്നത്. ഒരേ സമയം 25 വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവുമുണ്ട്. ഫ്യൂവല്‍ സ്റ്റേഷനോടനുബന്ധിച്ച് വാണിജ്യ സമുച്ചയം, ഫുഡ് കോര്‍ട്ട്, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ സജ്ജമാക്കി വികസിപ്പിക്കാനും പദ്ധതിയുണ്ട്.
കുടുംബശ്രീയുമായി സഹകരിച്ചാണ് മനുഷ്യവിഭവശേഷി സജ്ജമാക്കിയിരിക്കുന്നത്. 24 മണിക്കൂറും സേവന സന്നദ്ധമായ പമ്പില്‍ 17 സ്ത്രീകളും 13 പുരുഷന്മാരുമാണ് പ്രവര്‍ത്തിക്കുന്നത്.