Select Your Language

Notifications

webdunia
webdunia
webdunia
webdunia

Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി: എയര്‍ ഇന്ത്യക്ക് അരലക്ഷം പിഴ

വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചിരുന്നു എന്നു തെളിയിക്കുന്ന ഒരു തെളിവും എയര്‍ ഇന്ത്യയ്ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല

Service cancelled Air India to pay fine

രേണുക വേണു

, ശനി, 17 മെയ് 2025 (06:20 IST)
Air India: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയില്‍ എയര്‍ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.  
 
ജോലി സംബന്ധമായ മെഡിക്കല്‍ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയില്‍നിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയര്‍ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാല്‍, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയര്‍ ഇന്ത്യ അധികൃതര്‍ പരാതിക്കാരനെ അറിയിച്ചില്ല. തുടര്‍ന്ന് രാത്രി 8:32 നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിന്റെ ഫലമായി മെഡിക്കല്‍ പരിശോധനകളില്‍ പങ്കെടുക്കാന്‍ സാധിച്ചതുമില്ല, കപ്പലില്‍ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നുമാണ് കമ്മിഷനു മുന്നിലെത്തിയ പരാതി. 
 
എയര്‍ ഇന്ത്യയുടെ അശ്രദ്ധ മൂലം പരാതിക്കാരന്‍ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമര്‍ കെയര്‍ മെയില്‍ ഐഡി വഴി എയര്‍ലൈനുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ ഒരു മറുപടി ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് പരാതിക്കാരന്‍ ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്.
 
വിമാനം റദ്ദാക്കിയതിനെക്കുറിച്ച് പരാതിക്കാരനെ അറിയിച്ചിരുന്നു എന്നു തെളിയിക്കുന്ന ഒരു തെളിവും എയര്‍ ഇന്ത്യയ്ക്ക് ഹാജരാക്കാന്‍ സാധിച്ചില്ല. ആദ്യം ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാലും ബദല്‍ വിമാനത്തിന്റെ യാത്ര വൈകിയതിനാലും തൊഴിലുടമ നിര്‍ദ്ദേശിച്ച മെഡിക്കല്‍ പരിശോധനയ്ക്ക് ഹാജരാകാത്തതിനാലും പരാതിക്കാരന് നഷ്ടം സംഭവിച്ചതായി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ കണ്ടെത്തി. 
 
എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായ സേവനത്തിലെ അപര്യാപ്തതയ്ക്ക് നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരനു നല്‍കാന്‍ അഡ്വ.വി.എസ് മനുലാല്‍ പ്രസിഡന്റും ആര്‍.ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ ഉത്തരവിട്ടു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേടന്റെ പരിപാടി മുടങ്ങിയതില്‍ അതിരുവിട്ട പ്രതിഷേധം, ഒരാള്‍ അറസ്റ്റില്‍