കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യം; ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ - മുഖ്യമന്ത്രി
ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ - മുഖ്യമന്ത്രി
കോൺഗ്രസുമായി യോജിച്ച് പ്രവർത്തിക്കുന്നത് അസാധ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസ് നയങ്ങളാണ്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ കൂട്ടുപിടിക്കാനാകില്ല. ഏച്ചുകെട്ടിയ ബന്ധങ്ങൾ ജനങ്ങൾ സ്വീകരിക്കില്ല. കോൺഗ്രസ് നേതാക്കൾ പോലും വർഗീയ ശക്തികളുമായി സമരസപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് മലപ്പുറത്ത് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇടതുപക്ഷത്തേയും സർക്കാരിനേയും കുറിച്ച് ജനങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ട്. ആരുടെയെങ്കിലും വാലായി നിന്ന് ജനങ്ങളുടെ പ്രതീക്ഷ കെടുത്തരുത്ത്. ന്യൂനപക്ഷവും ജനാധിപത്യവാദികളും കോണ്‍ഗ്രസിനെ പിന്തള്ളി. കോണ്‍ഗ്രസ് ബന്ധം അപകടമാണെന്ന് നേരത്തെ വ്യക്തമായതാണെന്നും പിണറായി പറഞ്ഞു.
ബിജെപിക്കെതിരെ ബദല്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ. എന്നാല്‍ അത് കോണ്‍ഗ്രസുമായി ചേര്‍ന്നാകരുത്. കോണ്‍ഗ്രസിനെ ന്യൂനപക്ഷവും ജനാധിപത്യ വാദികളും കൈവിട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇടതുപക്ഷത്തിന് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപിക്കെതിരെ വിശാല ബദല്‍ കൊണ്ട് വരുന്നതിന് കോണ്‍ഗ്രസുമായി ബന്ധം ആവാമെന്ന നിലപാടാണ് സിപിഐയുടേത്. ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് പിണറായി വിജയന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ നിലപാട് വ്യക്തമാക്കിയത്.