മാസത്തിൽ ഒരു ഹർത്താൽ മതി, തൊഴിലാളികൾ വിചാരിക്കണം: മുഖ്യമന്ത്രി
ജനങ്ങളെ ബുദ്ധിമുട്ടിലാകുന്ന പ്രവണത തൊഴിലാളി യൂണിയനുകള്‍ അവസാനിപ്പിക്കണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മാസത്തിൽ ഒന്നിൽ കൂടുതൽ പണിമുടക്കുകൾ നടത്തുന്നത് വ്യവസായ അന്തരീക്ഷത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വർഷം പെട്രോളിയം, പാചകവാതക ഉൽപ്പന്നങ്ങളുടെ വിതരണം തുടങ്ങിയ സുപ്രധാന മേഖലകളിൽ മാത്രം 15 പണിമുടക്കുകൾ ഉണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള മേഖലകളിൽ അടിക്കടി പണിമുടക്ക് ആഹ്വാനം ചെയ്‌ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പ്രവണത തൊഴിലാളി യൂണിയനുകൾ അവസാനിപ്പിക്കണം. വ്യവസായ സൗഹൃദ, നിക്ഷേപ സൗഹൃദ അന്തരീക്ഷത്തില്‍ നമ്മുടെ സംസ്ഥാനം പിന്നിലാണെന്ന അവസ്ഥ മാറണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ തൊഴിലാളി യൂണിയനുകളുടെയും അംഗീകാരത്തോടെ ഈ വര്‍ഷം മെയ് ഒന്നു മുതലാണ് നോക്കുകൂലി നിരോധിച്ചത്. ആരെങ്കിലും ഇതിൽ വിട്ടുവീഴ്‌ച്ചയ്‌ക്ക് ശ്രമിച്ചാൽ ശക്തമായ നടപടികളെടുക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.