റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്: അരുണ്‍ കുമാര്‍ ഒന്നാം പ്രതി
കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്
സംസ്ഥാന സ്‌കൂള്‍ കലോത്സവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ദ്വയാര്‍ഥ പ്രയോഗം നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസ്. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്.
ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് കേസ്. ചാനലിലെ റിപ്പോര്‍ട്ടര്‍ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാലറിയാവുന്ന മറ്റൊരു റിപ്പോര്‍ട്ടറാണ് കേസിലെ മൂന്നാം പ്രതി.
കലോത്സവ റിപ്പോര്‍ട്ടിങ്ങില്‍ ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്നായിരുന്നു കേസ്. അരുണ്‍ കുമാര്‍ സഭ്യമല്ലാത്ത ദ്വയാര്‍ഥ പ്രയോഗം നടത്തിയെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ കേസെടുത്തിട്ടുണ്ട്. കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
മത്സരത്തില്‍ പങ്കെടുത്ത ഒപ്പന സംഘത്തിലെ മണവാട്ടിയോട് പ്രണയം തോന്നുന്ന റിപ്പോര്‍ട്ടര്‍ എന്നതായിരുന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ സംപ്രേക്ഷണം ചെയ്ത സ്റ്റോറിയുടെ ഉള്ളടക്കം. ഷഹബാസ് ആണ് ഈ വീഡിയോ സ്റ്റോറി ചെയ്തത്. പിന്നീട് അവതാരകന്‍ അരുണ്‍ കുമാര്‍ ഉള്‍പ്പെടെ, വീഡിയോയില്‍ അഭിനയിച്ച ഷഹബാസിനോടും മറ്റു സഹപ്രവര്‍ത്തകരോടും ഒപ്പനയിലെ മണവാട്ടിയായ വിദ്യാര്‍ഥിനിയെ കുറിച്ച് ദ്വയാര്‍ഥ പരാമര്‍ശം നടത്തുകയും പരസ്പരം കളിയാക്കുകയും ചെയ്തിരുന്നു.